ഹൈദരാബാദ് : ഈ വർഷം അവസാനം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ ചന്ദ്രശേഖർ റാവുവിന്‍റെ (കെസിആർ) സർക്കാരിനെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കെസിആറിന്‍റെതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. തെലങ്കാനയിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു മോദി കെസിആറിനെതിരെ ആഞ്ഞടിച്ചത്.
'പ്രധാനമന്ത്രിയേയും ബിജെപി സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന നാല് കാര്യങ്ങൾ തെലങ്കാന സർക്കാർ ചെയ്‌തു. ഒരു കുടുംബത്തെ മാത്രമായി അവർ അധികാര കേന്ദ്രമാക്കി. തെലങ്കാനയുടെ സാമ്പത്തിക വികസനത്തെ തകർത്തു. സംസ്ഥാനത്തെ അഴിമതിയിലേക്ക് തള്ളിവിട്ടു. അഴിമതിയാരോപണങ്ങളില്ലാത്ത ഒരു പദ്ധതികളും തെലങ്കാനയിൽ നടപ്പാക്കിയിട്ടില്ല. കെസിആർ സർക്കാരാണ് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ', എന്നായിരുന്നു സംസ്ഥാന സർക്കാരിനെതിരായ പ്രധാനമന്ത്രിയുടെ വിമർശനം.
ബിആർഎസിന് പുറമെ കോൺഗ്രസിനെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്. 'കോൺഗ്രസ് പാർട്ടിയുടെ അഴിമതികൾക്ക് രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്. ഇത്തരം വംശീയ പാർട്ടികളുടെയെല്ലാം അടിത്തറയെന്നത് അഴിമതിയിൽ പൂണ്ടുകിടക്കുന്ന വേരുകളാണ്. ബിആർഎസിന്‍റെ അഴിമതി സംസ്ഥാനം ഒട്ടാകെ കണ്ടുകൊണ്ടിരിക്കുന്നു. കോൺഗ്രസും ബിആർഎസും തെലങ്കാനയിലെ ജനങ്ങൾക്ക് അപകടമാണ്' എന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നത് കേന്ദ്രം : അതേസമയം, തെലങ്കാനയിലെ ഗ്രാമപഞ്ചായത്തുകൾക്ക് 12,000 കോടിയിലധികം രൂപ നേരിട്ട് നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ ഭൂരിഭാഗം ആവശ്യങ്ങളും നടപ്പാക്കുന്നത് കേന്ദ്ര സർക്കാരാണ്. പൊള്ളയായ വാഗ്‌ദാനങ്ങളാണ് കെസിആർ സർക്കാർ നൽകിയിട്ടുള്ളതെന്നും അതിനാൽ ഈ സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആദിവാസി വിഭാഗങ്ങളെയും ദരിദ്രരെയും പിന്നാക്ക സമുദായങ്ങളെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ബിജെപി സർക്കാർ നടത്തിപ്പോരുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ മറ്റ് പാർട്ടികളെ പോലെ ബിജെപി നൽകില്ലെന്നും പ്രധാനമന്ത്രി നിലപാട് അറിയിച്ചു.
also read : ബഹിഷ്‌കരണവുമായി കെസിആർ, വിമർശനവുമായി മോദി ; കുടുംബ വാഴ്‌ച വികസനത്തിന് തടസമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ ചടങ്ങുകളിൽ കെസിആർ ഇല്ല : ഏപ്രിലിൽ തെലങ്കാനയിൽ സെക്കന്തരാബാദ് - തിരുപ്പതി വന്ദേഭാരത് എകസ്‌പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്നും കെസിആർ വിട്ടു നിന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്നാണ് മുഖ്യമന്ത്രി വിട്ടു നിന്നത്. കെസിആറിന്‍റെ ഈ നീക്കത്തെ അന്നും മോദി രൂക്ഷമായി വിമർശിച്ചിരുന്നു.
സംസ്ഥാനത്ത് കുടുംബ വാഴ്‌ചയാണെന്നും അതിന്‍റെ മറവിൽ അഴിമതി നടക്കുകയുമാണെന്നായിരുന്നു ആരോപണം. വന്ദേഭാരത് ഫ്ലാഗ് ഓഫിന് പുറമെ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിനും കെസിആർ പങ്കെടുത്തിരുന്നില്ല. ഇതിന് മുൻപ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയപ്പോഴും ഇതേ രീതിയീൽ തന്നെയായിരുന്നു ചന്ദ്രശേഖർ റാവു പെരുമാറിയത്.
രാജസ്ഥാനിലും കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി : തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി രാജസ്ഥാൻ സന്ദർശിച്ച പ്രധാനമന്ത്രി അവിടെയും കോൺഗ്രസിനെ വിമർശിച്ചിരുന്നു. കോൺഗ്രസ് തുറന്നത് കൊള്ളയുടെ കടയും നുണയുടെ കമ്പോളവുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്തെ ഭരണപക്ഷത്തെയും അശോക് ഗെലോട്ടിനേയും കടന്നാക്രമിച്ച മോദി, കോൺഗ്രസ് പരാജയം ഏറ്റുവാങ്ങുമെന്നും പറഞ്ഞു.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനം പിന്നിലാണെന്നും എന്നാൽ സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ രാജസ്ഥാൻ ഒന്നാമതാണെന്നും ഇവിടെ സംരക്ഷകർ തന്നെ വേട്ടക്കാരായി മാറുന്ന സാഹചര്യമാണുള്ളതെന്നും വിമർശിച്ചു. അതേസമയം, കോൺഗ്രസ് അധികാരത്തിൽ തുടർന്നാൽ അത് രാജ്യത്തിന് ദോഷമാണെന്നും എന്നാൽ അധികാരം ലഭിക്കാതിരുന്നാൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.