ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം നടന്ന ഒഡിഷയിലെ ബാലസോറിലേക്ക്. പ്രധാനമന്ത്രി ഇന്ന് ബാലസോർ സന്ദർശിക്കും. ഇന്നലെ (02.06.23) രാത്രി മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ 238 പേരാണ് മരിച്ചത്.
900ത്തിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു.
സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാലസോർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന അപകടം രാജ്യത്തെയാകെ ഞെട്ടിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവ സ്ഥലം സന്ദർശിക്കുന്നത്. കട്ടക്കിലെ ആശുപത്രികളും പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെയില്‍വേ, പൊലീസ്, എൻഡിആർഎഫ് എന്നിവർ സംയുക്തമായാണ് രക്ഷപ്രവർത്തനം നടത്തുന്നത്.
രാജ്യത്തെ നടുക്കി ട്രെയിൻ അപകടം : ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്ത് വച്ച് ഇന്നലെ രാത്രിയാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്ന് പതിച്ചു. ഇന്നലെ (02.06.2023) രാത്രി 7.20ഓടെയായിരുന്നു ആദ്യത്തെ ട്രെയിന്‍ പാളം തെറ്റിയത്.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അപകട സ്ഥലം സന്ദർശിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്‌ച ആഘോഷങ്ങളൊന്നും ഒഡിഷയിൽ നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത തന്‍റെ മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് അപകടസ്ഥലം സന്ദർശിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എം പി ഡോല സെൻ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഖരഗ്‌പൂരിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലും ഔദ്യോഗിക ദുഃഖാചരണം : ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തുടർന്ന് മുൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിയുടെ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് ഡിഎംകെ ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി തമിഴ്‌നാട് സ്വദേശികള്‍ അപകടത്തില്‍പ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
തമിഴ്‌നാട്ടിലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു.
Also read : ബാലസോറിന് മുൻപ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ, ഓർമയില്‍ പെരുമണും കടലുണ്ടിയും