ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ പരമ്പരയിലെ പുതിയ ഒരു അധ്യായമാണ് ചന്ദ്രയാന്‍- 3 ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തിനൊപ്പം ഉയര്‍ന്നത് ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നങ്ങളും അഭിലാഷങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്.
സുപ്രധാനമായ ഈ നേട്ടം നമ്മുടെ ശാസ്‌ത്രജ്ഞരുടെ അക്ഷീണമായ പ്രയത്‌നത്തിന്‍റെ ഫലമാണ്. അവരുടെ അര്‍പ്പണബോധത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് മോദി ട്വീറ്റ് ചെയ്‌തു. രാജ്യത്തിന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വഹിച്ചുകൊണ്ടാണ് ചന്ദ്രയാന്‍ കുതിച്ചുയരുന്നതെന്ന് ഇന്ന് രാവിലെ പങ്കുവച്ച ട്വീറ്റില്‍ മോദി കുറിച്ചിരുന്നു.
ചന്ദ്രയാന്‍ ഒന്നാം ദൗത്യം വരെ ചന്ദ്രന്‍റെ ഉപരിതലം വരണ്ടതാണെന്നും വാസയോഗ്യമല്ലാത്തതാണെന്നുമാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ആദ്യ ദൗത്യത്തിന് ശേഷമാണ് ചലനാത്മകവും ഭൂമിശാസ്‌ത്രപരവുമായ ഒരു പ്രതലം ചന്ദ്രന് ഉണ്ടെന്ന് തിരിച്ചറിയുന്നതും ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതും. ഒരു പക്ഷേ ഭാവിയില്‍ ചന്ദ്രനില്‍ ജനവാസത്തിന് സാധ്യതയുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
ശാസ്‌ത്രത്തെക്കുറിച്ച് പഠിക്കണമെന്ന് പ്രധാനമന്ത്രി: ഇന്ത്യയുടെ ബഹിരാകാശ പരമ്പരയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 എന്ന ദിനം സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കും. 3000 കിലോമീറ്റര്‍ പിന്നിട്ട് വരുന്ന ആഴ്‌ചകളില്‍ പേടകം ചന്ദ്രനിലെത്തി ചേരും. പേടകത്തിലെ ശാസ്‌ത്രോപകരണങ്ങള്‍ ചന്ദ്രന്‍റെ ഉപരിതലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായകമാവുകയും ചെയ്യും.
ബഹിരാകാശ മേഖലയില്‍ ഇന്ത്യയ്‌ക്ക് സമ്പന്നമായ ചരിത്രമുണ്ട്. ചന്ദ്രനില്‍ ജലത്തിന്‍റെ തന്മാത്രകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗോള ചാന്ദ്ര ദൗത്യത്തില്‍ തന്നെ നിര്‍ണായകമായ ഒന്നായി ആണ് ചന്ദ്രയാന്‍ ഒന്നാം ദൗത്യത്തെ കണക്കാക്കുന്നത്. ലോകം മുഴുവനുമുള്ള 200 ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളില്‍ വിഷയം ഇടംപിടിച്ചു. ചന്ദ്രയാന്‍ 2 ശാസ്‌ത്രലോകത്തിന് പുതിയ വഴിതെളിക്കുന്ന ഒരു ദൗത്യമായിരുന്നു.
കാരണം ഓര്‍ബിറ്ററില്‍ നിന്നുള്ള ഡാറ്റ റിമോട്ട് സെന്‍സിങിലൂടെ ആദ്യമായി ക്രോമിയം, മഗ്നിഷ്യം, സോഡിയം എന്നിവയുടെ സാന്നിധ്യവും ഉപരിതലത്തില്‍ കണ്ടെത്തുവാന്‍ സാധിച്ചു. ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചും ബഹിരാകാശം, ശാസ്‌ത്രം എന്നിവയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും കൂടുതല്‍ അറിയണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ അറിവ് നേടുന്ന വഴി നിങ്ങള്‍ക്ക് ഇന്ത്യയോട് വളരെയധികം അഭിമാനം തോന്നുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രശംസിച്ച് മുര്‍മു: അതേസമയം, ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികകല്ലാണ് ചന്ദ്രയാന്‍ 3യുടെ വിജയകരമായ വിക്ഷേപണമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ബഹിരാകാശ, ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതിക്കുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത് വെളിവാക്കുന്നതെന്ന് മുര്‍മു പറഞ്ഞു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒ സംഘത്തെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു രാഷ്‌ട്രപതിയുടെ ട്വീറ്റ്.
കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍: ഇന്ന് ഉച്ചയ്‌ക്ക് 2.35നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 3 ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചത്. എല്‍വിഎം 3 റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവെർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിച്ച് ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ 3-ന്‍റെ ലക്ഷ്യം.