ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാന്‍. ജി 20 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോയ പ്രധാനമന്ത്രി പാക് വ്യോമപാതയാണ് ഉപയോഗിച്ചത്. തിരിച്ചുള്ള യാത്രയ്ക്കും അനുമതി തേടിയിട്ടുണ്ട്. ലഭിക്കുന്ന പക്ഷം ഇതുവഴി തന്നെ തിരിച്ചെത്തും.
പ്രത്യേക വിവിഐപി വിമാനമായ ബോയിങ് 777, 300ഇആര്‍, കെ7066 ലാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കാനായി പോയത്. ഭവല്‍പൂര്‍ വഴിയാണ് പ്രധാനമന്ത്രിയുടെ വിമാനത്തിന് പാതയനുവദിച്ചത്.
പ്രധാനമന്ത്രിയുടെ വിമാനത്തിന് കടന്നുപോകാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ, പാക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച മന്ത്രാലയം അനുമതി നല്‍കി. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിച്ചതോടെ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.
Also Read: നൂറ് രൂപയ്ക്ക് വേണ്ടി ജീവനക്കാരൻ ഓക്സിജൻ മാസ്ക് മാറ്റി; കുഞ്ഞിന് ദാരുണാന്ത്യം
ഭീകരതയും ശത്രുതയും അക്രമവും ഇല്ലാതാക്കി ഇസ്‌ലാമാബാദുമായി നല്ല അയല്‍പക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യോമപാത പങ്കിടുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദി വെള്ളിയാഴ്ചയാണ് ഇറ്റലിയിലെത്തിയത്.