ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗബാധയെ നേരിടുന്നതിൽ പ്രധാന മന്ത്രി അശ്രദ്ധ കാണിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല. ഇതിലൂടെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും മോദി 'രാജധർമം' പിന്തുടരണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
ആരോഗ്യ ഇൻഫ്രാസ്ട്രക്‌ചർ വർധിപ്പിക്കുക, വാക്‌സിൻ ഉൽപാദനം പരിപോഷിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും ജനങ്ങൾക്ക് മതിയായ അളവിൽ വാക്‌സിനും ആശുപത്രി കിടക്കകളും വെന്‍റിലേറ്റർ സൗകര്യവും എത്തിക്കുന്നതിലും മോദി സർക്കാർ തീർത്തും പരാജിതരാണ്. രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുമ്പോഴും മറ്റു രാജ്യങ്ങളിലേക്ക് എങ്ങനെ വാക്‌സിൻ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
വിദേശ വാക്‌സിനുകൾക്ക് അടിയന്തര അനുമതി നൽകണമെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിർദേശം നൽകിയപ്പോൾ കേന്ദ്രസർക്കാർ സമ്മതിച്ചെങ്കിലും കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും സ്‌മൃതി ഇറാനിയും അടിസ്ഥാനരഹിതവും വിവേകശൂന്യവുമായ ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരുകളെ ആക്രമിക്കുകയാണ് ചെയ്‌തതെന്നും സുർജേവാല ആരോപിച്ചു.
ബുധനാഴ്‌ച മാത്രം രാജ്യത്ത് 1.85 ലക്ഷം കൊവിഡ് കേസുകളും 1,027 മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. അമേരിക്കയ്‌ക്കു ശേഷം കൊവിഡ് കേസിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് അതിരൂക്ഷം ; 24 മണിക്കൂറിനിടെ 1.84 ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ