ന്യൂഡല്‍ഹി: മെയ് രണ്ടിന് ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ 25 പരിപാടികളാണ് ഉള്ളതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുന്നു.
പ്രധാനമന്ത്രി ആദ്യം ജര്‍മനിയാണ് സന്ദര്‍ശിക്കുന്നത്. പിന്നീട് ഡെന്‍മാര്‍ക്കും സന്ദര്‍ശനത്തിന്‍റെ അവസാന ദിനം ഫ്രാന്‍സും സന്ദര്‍ശിക്കും. ജര്‍മനിയിലും ഡെന്‍മാര്‍ക്കിലും പ്രധാനമന്ത്രി ഒരോ രാത്രി വീതം ചെലവഴിക്കും. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹവുമായും മോദി ആശയ വിനിമയം നടത്തും.
എട്ട് ലോക നേതാക്കളുമായും അമ്പത് വ്യാപര പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഈ മൂന്ന് രാജ്യങ്ങളിലുമായി അറുപത്തിയഞ്ച് മണിക്കൂറാണ് സന്ദര്‍ശനത്തില്‍ മോദി ചെലവഴിക്കുക. ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്.