ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ പാമ്പുകടിയ്‌ക്ക് ചികിത്സ നല്‍കാറുളള പൂജാരി പാമ്പിന്‍റെ കടിയേറ്റ് മരിച്ചു. കൊണ്ടൂരി നാഗബാബു ശർമ(48) യാണ് മരിച്ചത്. ഹൈദരാബാദിൽ താമസിച്ചിരുന്ന നാഗബാബു ദസറ ആഘോഷത്തിന്‍റെ ഭാഗമായി ജന്മനാടായ കൃതിവെണ്ണു ഗുഡിദിബ്ബ ഗ്രാമത്തിലേക്ക് പോയതായിരുന്നു. അവിടെ വച്ച് സമീപമുളള വീട്ടില്‍ കയറിയ പാമ്പിനെ പിടിച്ച് കാട്ടില്‍ കളയവേ രണ്ട് വട്ടം അതിന്‍റെ കടിയേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാൾക്ക് വീട്ടിൽ വച്ച് ആദ്യം പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് നില വഷളായതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ഉടൻ മച്ചിലിപട്ടണത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്‌ടർ നിർദേശിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
അന്ത്യകർമ്മങ്ങൾ ജന്മനാട്ടിൽ തന്നെ നടന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. നാഗബാബു ശര്‍മയും കുടുംബവും വര്‍ഷങ്ങളായി പാമ്പ് കടിയേല്‍ക്കാറുളളവര്‍ക്ക് ചികിത്സ നല്‍കിയിരുന്നവരാണ്.