ന്യൂഡല്‍ഹി : രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരുള്‍പ്പടെയുള്ള നേതാക്കളുമായാണ് സോണിയ ആശയവിനിമയം നടത്തിയത്. കൂടുതല്‍പേരുമായുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ പാര്‍ട്ടി പ്രസിഡന്‍റ് നിയോഗിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ ബി.ജെ.പിയുടെ തുടർച്ചയായ ആക്രമണത്തിൽ നിന്ന് ഭരണഘടനയെയും, ജനാധിപത്യ സ്ഥാപനങ്ങളെയും, പൗരന്മാരെയും സംരക്ഷിക്കാൻ കഴിയുന്ന ഒരു രാഷ്ട്രപതിയെ രാജ്യത്തിന് ആവശ്യമാണെന്നാണ് പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്‌താവനയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. മത്സരിക്കാന്‍ ആരെയും നിര്‍ദേശിക്കില്ല.
എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരാളെ തെരഞ്ഞെടുക്കാനുള്ള പ്രതിബദ്ധത പാര്‍ട്ടിക്കുണ്ട്. ഇതിന് വേണ്ടി അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് തുറന്ന മനസോടെ മറ്റ് പാർട്ടികളും ചര്‍ച്ചകള്‍ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നതായും കോണ്‍ഗ്രസ് പ്രസ്‌താവനയില്‍ പറഞ്ഞു.