ന്യൂഡൽഹി : രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡു ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവര്‍ അദ്ദേഹത്തെ കണ്ടതോടെയാണ് സാധ്യത ശക്തിപ്പെട്ടത്. നിർണായക പാർട്ടി യോഗത്തിന് മുന്നോടിയായാണ് ചൊവ്വാഴ്‌ച നേതാക്കള്‍ ഉപരാഷ്‌ട്രപതിയെ സന്ദര്‍ശിച്ചത്.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കാൻ രാജ്‌നാഥ് സിങ്ങിനെയും ജെ.പി നദ്ദയെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ ഇലക്‌ടറൽ കോളജിൽ ഭരണകക്ഷിക്ക് 48 ശതമാനത്തിലധികം വോട്ട് വിഹിതമുണ്ട്. മൂന്ന് ദിവസത്തെ യാത്രയ്ക്കായി ഉപരാഷ്‌ട്രപതി നായിഡു തിങ്കളാഴ്‌ച ഡൽഹിയിൽ നിന്ന് ഹൈദരാബാദില്‍ എത്തിയിരുന്നു. എന്നാല്‍, സന്ദർശനം വെട്ടിച്ചുരുക്കി ചൊവ്വാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തി.
പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിൻഹ : അതേസമയം, യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയാകും. 19 പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തില്‍ ധാരണയായതായി തൃണമൂല്‍ കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. ബി.ജെ.പി മുൻ നേതാവ് കൂടിയായ യശ്വന്ത് സിൻഹ നിലവില്‍ തൃണമൂല്‍ കോൺഗ്രസ് അംഗമാണ്.
ALSO READ| യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി
രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള നിർദേശം പശ്‌ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധി തള്ളിയതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് പ്രതിപക്ഷ പാർട്ടികൾ ആലോചിച്ചത്. രണ്ടുതവണ കേന്ദ്ര ധനമന്ത്രിയായിട്ടുണ്ട് സിന്‍ഹ. 1990 ലെ ചന്ദ്രശേഖർ മന്ത്രിസഭയിലും പിന്നീട് വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്നു.