ന്യൂഡൽഹി : രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത ബാനർജി വിളിച്ച യോഗത്തിൽ പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത് ബി.ജെ.പിയ്‌ക്ക് ആവേശം പകര്‍ന്നതായി പാര്‍ട്ടി വൃത്തങ്ങള്‍. ബിജു ജനതാദൾ, തെലങ്കാന രാഷ്‌ട്ര സമിതി(ടി.ആര്‍.എസ്), ആം ആദ്‌മി പാർട്ടി(എ.എ.പി) തുടങ്ങിയ പ്രധാന പ്രാദേശിക പാർട്ടികളാണ് വിട്ടുനിന്നത്. പാര്‍ട്ടികളുടെ അസാന്നിധ്യം പ്രതിപക്ഷ പാളയത്തിലെ ബലഹീനതയാണ് സൂചിപ്പിക്കുന്നതെന്നാണ് ഭരണകക്ഷിയുടെ വിലയിരുത്തല്‍.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി പ്രതിപക്ഷ പാളയത്തിൽ നിന്ന് അകലം പാലിച്ചാണ് നില്‍ക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ പല വിഷയങ്ങളിലും അവര്‍ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി വിമര്‍ശകരായ എ.എ.പിയുടെയും ടി.ആർ.എസിന്‍റെയും അഭാവം ശ്രദ്ധേയമായി. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിന് ഇലക്‌ടറൽ കോളജിൽ 48 ശതമാനത്തിലധികം വോട്ട് വിഹിതമുള്ള മുന്നണിയാണ് ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ. ബിജു ജനതാദളിന്‍റെയും (ബി.ജെ.ഡി) ആന്ധ്രാപ്രദേശ് ഭരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസിന്‍റെയും പിന്തുണ എന്‍.ഡി.എ പ്രതീക്ഷിക്കുന്നുണ്ട്.
പരിഹസിച്ച് ബി.ജെ.പി വക്താവ് : ബി.ജെ.ഡിയെപ്പോലെ, വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷ പാളയത്തിൽ നിന്ന് അകലം പാലിച്ചാണ് നില്‍ക്കുന്നത്. ഔപചാരികമായി നിലവില്‍ എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമായിട്ടില്ലെങ്കിലും പല വിഷയങ്ങളിലും പാർലമെന്‍റിലും പുറത്തും ഭരണകക്ഷിയായ ബി.ജെ.പിക്ക് പിന്തുണ ഈ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായതാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. പല പ്രതിപക്ഷ നേതാക്കളും തങ്ങളുടെ 'മേൽക്കോയ്‌മ' പ്രദര്‍ശിപ്പിക്കാന്‍ നിരവധി പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ യോഗത്തെ പരിഹസിച്ച് ബി.ജെ.പി വക്താവും രാജ്യസഭ എം.പിയുമായ സുധാൻഷു ത്രിവേദി പറഞ്ഞു.
ഈ യോഗത്തിന് ബി.ജെ.പിയ്‌ക്കെതിരായോ അല്ലെങ്കില്‍ രാജ്യത്തിന് വേണ്ടിയോ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മമത വിളിച്ച യോഗത്തിൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, എൻ.സി.പി, ഡി.എം.കെ, ആർ.ജെ.ഡി, ഇടതുപാർട്ടി നേതാക്കൾ എന്നിവര്‍ പങ്കെടുത്തു. ശിവസേന, സി.പി.ഐ, സി.പി.എം., സി.പി.ഐ(എം.എൽ), നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജെ.ഡി (എസ്), ആർ.എസ്.പി, മുസ്ലിം ലീഗ്, ആർ.എൽ.ഡി, ജെ.എം.എം എന്നീ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു.
അതേസമയം, പ്രതിപക്ഷത്തുള്ള വിവിധ കക്ഷികളുമായി കൂടിയാലോചന നടത്താന്‍ ബി.ജെ.പി മുതിർന്ന നേതാക്കളായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയെയും ചുമതലപ്പെടുത്തി. അതേസമയം, രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ അഭ്യര്‍ഥന എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ നിരസിക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ച (ജൂണ്‍ 13) മഹാരാഷ്‌ട്രയിലെ എൻ.സി.പി മന്ത്രിമാരുമായി പവാർ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്. ആളുകളുമായി നിരന്തരം ഇടപഴകാന്‍ ഇഷ്‌ടപ്പെടുന്ന ജനകീയനായ നേതാവാണ് അദ്ദേഹമെന്നും അങ്ങനെയുള്ള ഒരാള്‍ രാഷ്‌ട്രപതി ഭവനിൽ ഒതുങ്ങിപ്പോവരുതെന്നുമാണ് എന്‍സിപി നിലപാട്. ജൂലൈ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.