ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണനേട്ടം കൊയ്ത നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ നേർത്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നീരജിന്‍റെ നേട്ടം യുവാക്കൾക്ക് പ്രചോദനമാണെന്ന് രാഷ്‌ട്രപതി.
"നീരജ് ചോപ്രയുടെ അഭൂതപൂർവമായ വിജയം! താങ്കളുടെ ജാവലിൻ സ്വർണ്ണം തടസങ്ങൾ തകർത്ത് ചരിത്രം സൃഷ്ടിക്കുന്നു. നിങ്ങളുടെ ആദ്യ ഒളിമ്പിക്സിൽ നിങ്ങൾ ഇന്ത്യയിലേക്ക് ആദ്യമായി അത്‌ലറ്റ് മെഡൽ കൊണ്ടുവന്നു. നിങ്ങളുടെ നേട്ടം ഞങ്ങളുടെ യുവാക്കൾക്ക് പ്രചോദനമാകും. രാജ്യം സന്തോഷിക്കുന്നു! ഹൃദയം നിറഞ്ഞ ആശംസകൾ!" രാഷ്‌ട്രപതി പറഞ്ഞു.
ഒളിമ്പിക് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത താരമാണ് നീരജ് ചോപ്ര. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ജാവലിൻ പായിച്ച നീരജ് രണ്ടാം ശ്രമത്തിലാണ് 87.58 മീറ്റർ ദൂരം നേടാനായത്. പിന്നീടുള്ള ശ്രമങ്ങളിൽ ആദ്യ രണ്ട് ശ്രമങ്ങളുടെയത്ര ശോഭിക്കാനായില്ലെങ്കിലും ആദ്യ ശ്രമങ്ങൾ തന്നെ മെഡൽ നേടാൻ പര്യാപ്തമായിരുന്നു.
Also Read: ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം
വ്യക്തിഗത ഇനങ്ങളിൽ സ്വർണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായാണ് നീരജ് ടോക്കിയോയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നത്. അഭിനവ് ബിന്ദ്രയാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 86.65 മീറ്റർ മീറ്റർ എറിഞ്ഞ ആദ്യ ശ്രമത്തിനു ശേഷം നീരജ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. ഒളിമ്പിക്സിന് മുൻപുള്ള 88.07 മീറ്റർ ആണ് നീരജിന്‍റെ മികച്ച പ്രകടനം.