പനജി: ഗോവ വിമോചന ദിനാചരണത്തില്‍ പങ്കെടുക്കാനായി രാഷ്‌ട്രപതി സംസ്ഥാനത്തെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഗോവയിലെത്തിയത്. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ചേര്‍ന്ന് ഗോവ വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിച്ചു. അറുപതാമത് ഗോവ വിമോചന ദിനാഘോഷത്തിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പങ്കെടുക്കും. രാഷ്‌ട്രപതിയെ സ്വാഗതം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഗോവ വിമോചന വാര്‍ഷിക ദിനത്തിന് നേരത്തെ പ്രധാനമന്ത്രിയും ആശംസകള്‍ നേര്‍ന്നിരുന്നു.
വിമോചന ദിനത്തില്‍ ഗോവൻ ജനതയെ പ്രധാനമന്ത്രി ആശംസിച്ചു. ഗോവയുടെ വിമോചനത്തിനായി അക്ഷീണം പ്രയത്‌നിച്ചവരെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ 19നാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത്. 450 വര്‍ഷത്തെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നും ഇന്ത്യന്‍ സേന 1961ല്‍ ഗോവയെ മോചിപ്പിച്ച ദിനമാണ് വിമോചന ദിനമായി ആഘോഷിക്കുന്നത്.