ഫറൂഖാബാദ് : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ഗർഭിണിയായ യുവതിയെ നാല് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. നാല് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പ്രതികളുടെ കണ്ണുവെട്ടിച്ചാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ മൊഴി ഇപ്രകാരം : 'എന്‍റെ മാതൃവീട് ബറേലിയിലും അമ്മായിയമ്മയുടെ വീട് സഹൻപൂരിലാണ്. ഓഗസ്റ്റ് 16 ന് സഹൻപൂരിലേക്ക് പോകുന്നതിനായി ബറേലിയിൽ നിന്ന് ബസിൽ കയറി വൈകുന്നേരം 6 മണിയോടെ ഫറൂഖാബാദിൽ എത്തി. അടുത്ത ബസ് കാത്ത് നിൽക്കുന്നതിനിടെ ചില യുവാക്കൾ അടുത്ത് എത്തി. ശേഷം സംഭവിച്ചത് എന്താണെന്ന് ഓർമയില്ല.
പിന്നീട് കണ്ണുതുറന്നപ്പോൾ പൂട്ടിയിട്ട മുറിക്കുള്ളിൽ ആയിരുന്നു. നാല് യുവാക്കള്‍ ഉണ്ടായിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും എന്നെ ഉപദ്രവിക്കരുതെന്നും ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ എന്നെ ഭീഷണിപ്പെടുത്തി നാല് ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്‌തു. എന്നാൽ നാലാം ദിവസം ഞാൻ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു'.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവതി 12 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തില്‍ എത്തുകയും അവിടുത്തുകാരോട് വിവരം പറയുകയുമായിരുന്നു. തുടർന്ന് ഗ്രാമവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും എസ്‌പി അശോക് കുമാർ മീണ അറിയിച്ചു.