അമരാവതി: റോഡുകളോ കൃത്യമായ നടപ്പാതയോ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ആന്ധ്രപ്രദേശിലെ വിഴിനഗരം ജില്ലയിലെ ആദിവാസികൾ. അടുത്തിടെ സോളപ്പാടം പഞ്ചായത്തിൽ ആദിവാസി ഊരിലെ ഗർഭിണിക്ക് രോഗം ഗുരുതരമായി. അവരുടെ ഭർത്താവ് ആംബുലൻസ് വിളിച്ചുവെങ്കിലും ഗ്രാമം നാഗാവലി നദിയുടെ മറുകരയിലായതിനാലും ഗതാഗത സൗകര്യമില്ലാത്തതിനാലും വരാനാകില്ല എന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീയെ എടുത്തുയർത്തി നദി മുറിച്ചു കടന്നാണ് മറുകരയിലെത്തിയത്. പിന്നീട് വട്ടടയിൽ നിന്നും ആംബുലൻസിൽ കയറ്റി സ്ത്രീയെ പാർവതിപുരം ഏരിയ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗ്രാമത്തിലെ ജനങ്ങൾ എന്ത് ആവശ്യങ്ങൾക്കും നദി മുറിച്ചു കടന്ന് അക്കരെ പോകേണ്ട അവസ്ഥയാണ്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സ്ത്രീയുടെ ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഗ്രാമത്തിലേക്ക് പാലവും റോഡും വേണമെന്നും നദിക്ക് കുറുകെ പാലം സമയബന്ധിതമായി പൂർത്തിയാക്കി ആദിവാസികളുടെ ജീവൻ രക്ഷിക്കണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെടുന്നു.
Also Read: കശ്‌മീരിന്‍റെ സുവർണ കിരീടം; കൊക്കർനാഗ് പ്രകൃതിയുടെ കളിത്തട്ടില്‍