പ്രയാഗ്‌ഗാജ്(ഉത്തര്‍ പ്രദേശ്): കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശിലെ മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിന് കുറഞ്ഞത് എട്ട് തവണയെങ്കിലും വെടിയേറ്റുവെന്ന് റിപ്പോര്‍ട്ട്. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകള്‍ തറച്ചുകയറിയെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, അതിഖ് അഹമ്മദിന്‍റെ സഹോദരന്‍ അഷറഫിന്‍റെ ശരീരത്തില്‍ തുളച്ചുകയറിയത് മൂന്ന് ബുള്ളറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിഖിന് എട്ട് തവണയും അഷ്‌റഫിന് അഞ്ച് തവണയും വെടിയേറ്റതായാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌റഫിന്‍റെ പുറത്തും കഴുത്തിനും ഇടുപ്പിനുമാണ് വെടിയേറ്റത്. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
കൊലപാതകം നടന്നത് ഇങ്ങനെ: ശനിയാഴ്‌ച രാത്രി 10.30ഓടെ നടുറോഡില്‍ വച്ചാണ് മാഫിയ തലവന്‍ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫ് അഹമ്മദിനെയും അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിലേയ്‌ക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ അക്രമികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. അതിഖിന്‍റെ മകന്‍ അസദ് അഹമ്മദിനെയും കൂട്ടാളികളെയും ഝാൻസിയിൽ വച്ച് കഴിഞ്ഞ ദിവസം യുപിഎസ്‌ടിഎഫ് സംഘം ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വകവരുത്തിയത്.
തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് മുമ്പ് തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍,സര്‍ക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. കൂടുതല്‍ ആവശ്യങ്ങള്‍ക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കോടതി വിധി വന്ന് രണ്ടാഴ്‌ചയ്‌ക്കിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്‌തു: കൊല്ലപ്പെട്ട അതിഖിന്‍റെയും സഹോദരന്‍റെയും മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശേഷം, ഇരുവരുടെയും മൃതദേഹങ്ങള്‍ കസരി മസാരി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്‌തു. ഇതേ സ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ട അതിഖിന്‍റെ മകനെയും അടക്കം ചെയ്‌തത്.
അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നത അന്വേഷണത്തിനായി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദേശിക്കുകയുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകം അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു.
രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍: അലഹാബാദ് ഹൈക്കോടതി ജഡ്‌ജി അരവിന്ദ് കുമാര്‍ ത്രിപാഠി, റിട്ട. ജഡ്‌ജി ബ്രിജേഷ് കുമാര്‍ സോണി, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ സുബേഷ് കുമാര്‍ സിങ് എന്നിവരാണ് അന്വേഷണ കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നത്. കേസന്വേഷണത്തിനായുള്ള ആദ്യ സംഘത്തിന്‍റെ ചുമതല അഡീഷണല്‍ ഡിസിപി സതീശ് ചന്ദ്രയ്‌ക്കായിരിക്കും. രണ്ടാമത്തെ അന്വേഷണ സംഘം ആദ്യ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തും.
രണ്ടാമത്തെ അന്വേഷണ സംഘത്തിന്‍റെ ചുമതല എഡിജി പ്രയാഗ്‌രാജ് സോണ്‍ ഭാനു ഭാസ്‌കറിനാണ്. കഴിഞ്ഞ ദിവസം പ്രതികളായ അരുണ്‍ മൗര്യ, സണ്ണി സിങ്, ലോവ്‌ലേഷ് തിവാരി തുടങ്ങിയവരെ ജില്ല കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. 2005ല്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ആയിരുന്ന രാജു പാല്‍, ഉമേഷ് പാല്‍ തുടങ്ങിയവരുടെ കൊലപാത കേസിലെ പ്രതിയാണ് ആതിഖ് അഹമ്മദ്.