പനാജി : 40 അംഗ ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയ ബിജെപി, കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവ് നേരിട്ടെങ്കിലും മഹാരാഷ്‌ട്രവാദി ഗോമന്തകിന്‍റെയും (എംജിപി) സ്വതന്ത്ര സ്ഥാനാർഥികളുടെയും പിന്തുണയോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. അസ്ഥിരമായിരുന്ന ഗോവയിൽ ആദ്യമായി 25 ബിജെപി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിക്കഴിഞ്ഞു.
എങ്കിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇരു ചേരികള്‍ സൃഷ്ടിക്കപ്പെട്ടത് പാര്‍ട്ടിക്ക് ആഭ്യന്തര വെല്ലുവിളിയായിരിക്കുകയാണ്. ഒരു കൂട്ടർ പ്രമോദ് സാവന്തിനെയും മറുഭാഗം വിശ്വജിത് റാണെയെയും പിന്തുണക്കുമ്പോൾ പാർട്ടി നേതൃത്വം വലയുകയാണ്.
വോട്ടുവഴി ഇങ്ങനെ
ദക്ഷിണ ഗോവയിൽ വലിയ വിഭാഗവും ക്രിസ്ത്യൻ വോട്ടർമാരാണ്. അതുകൊണ്ട് തന്നെ വടക്കൻ ഗോവയിൽ മാത്രമാണ് ബിജെപി പ്രതീക്ഷയർപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു രാഷ്ട്രീയ സമവാക്യമാണ് കൊണ്ടുവന്നത്. ഇരുമേഖലകളിൽ നിന്നും ബിജെപിക്ക് 10 വീതം സീറ്റുകൾ ലഭിച്ചു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി സ്ഥാനാർഥികൾ ബിജെപിക്കെതിരെ പ്രചാരണം ശക്തമാക്കിപ്പോഴും, ഹിന്ദുത്വവോട്ടുകൾ സമാഹരിക്കാനായിരുന്നു ബിജെപി ശ്രമം. ഇത് വിജയിച്ചുവെന്നാണ് ഗോവയിലെ ഫലം ചൂണ്ടിക്കാട്ടുന്നത്.
പ്രീ പോൾ പ്രവചനങ്ങൾ
വോട്ടെണ്ണലിന് മുമ്പുള്ള എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം, ബിജെപിക്ക് 15-16 സീറ്റുകളും കോൺഗ്രസിന് 17-18 സീറ്റുകളും ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എംജിപിക്ക് 5-7 സീറ്റുകൾ ലഭിക്കുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ഇതോടെ 'കിങ് മേക്കർ' റോളിൽ രംഗത്തെത്തിയ എംജിപിയുടെ സുദിൻ ധവാലിക്കർ കോൺഗ്രസ്, ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി.
ബിജെപിയുമായുള്ള ചർച്ചയിൽ പ്രമോദ് സാവന്തിന്‍റെ പേര് എതിർത്ത അദ്ദേഹം എംജിപിയുടെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നതായും അഭ്യൂഹങ്ങളുണ്ട്. എംജിപിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ പ്രമോദ് സാവന്തിന് പുറമെ ബിജെപിയുടെ രണ്ടാംതല നേതാക്കൾക്ക് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിൽ വിശ്വജിത് റാണെയുടെ പേരായിരുന്നു മുന്നിൽ. പ്രമോദ് സാവന്ത് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു വിശ്വജിത് റാണെ.
ഗവർണറെ കണ്ട് വിശ്വജിത് റാണെ
അടുത്തിടെ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയെ വിശ്വജിത്ത് റാണെ സന്ദർശിച്ചിരുന്നു. അന്നുമുതലാണ് അദ്ദേഹത്തിന്‍റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേൾക്കുന്നത്. എന്നാൽ തന്‍റേത് രാഷ്‌ട്രീയപരമായ കൂടിക്കാഴ്‌ചയല്ലെന്നും വ്യക്തിപരമായ സന്ദർശനം മാത്രമാണെന്നുമായിരുന്നു റാണെ അന്ന് പ്രതികരിച്ചത്. കൂടിക്കാഴ്‌ചയെ കുറിച്ച് ബിജെപിയിൽ നിന്നും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തിൽ എംജിപിയുടെയും ചില ബിജെപി നേതാക്കളുടെയും പിന്തുണ റാണെയ്‌ക്കുണ്ട്. ബിജെപിയിലെ ഈ വിഭാഗം അധികാരം നേടാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
ഗോവ രാഷ്ട്രീയത്തിൽ റാണെ കുടുംബത്തിന്‍റെ പിൻബലം
മുൻ മുഖ്യമന്ത്രിയും ഗോവയിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായ പ്രതാപ് സിങ് റാണെ കഴിഞ്ഞ 32 വർഷമായി പൊരിയം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തിന് രണ്ട് ഒപ്ഷനുകളാണ് നൽകിയത്. ഒന്നുകിൽ പൊരിയത്തിൽ നിന്ന് മത്സരിക്കുക, അല്ലെങ്കിൽ റാണെ കുടുംബത്തിൽ നിന്നുതന്നെ ഒരാളെ നിർദേശിക്കുക. അതുകൊണ്ട് തന്നെ പൊരിയത്ത് മത്സരിക്കാൻ വിശ്വജിത് റാണെയ്ക്കും ആവേശമായിരുന്നു.
എന്നാൽ വിശ്വജിത് റാണെയുടെ ഭാര്യ ദിവ്യ റാണെയുടെ പേരാണ് പ്രതാപ് സിങ് ശിപാർശ ചെയ്തത്. 17,816 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. വിശ്വജിത് റാണെ 12,262 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വാൽപോയിൽ നിന്നും വിജയിച്ചു. പ്രതാപ് സിങ് റാണെയ്ക്ക് നേരത്തെ കാബിനറ്റ് മന്ത്രി പദവിയും ബിജെപി നൽകി. ബിജെപിയിലും ഗോവ രാഷ്ട്രീയത്തിലുമുള്ള റാണെ കുടുംബത്തിന്‍റെ സ്വാധീനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
പ്രമോദ് സാവന്തിന്‍റെ വിജയം
സങ്കാലി മണ്ഡലത്തിലാണ് പ്രമോദ് സാവന്ത് മത്സരിച്ചത്. ഇവിടെ കോൺഗ്രസിന്‍റെ ധർമേഷ് സംഗലാനിക്കെതിരെ 12,250 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം വരെയും കടുത്ത മത്സരമായിരുന്നു ഇരുകൂട്ടരും തമ്മിൽ. അവസാന മണിക്കൂറുകളോടെ സാവന്ത് വിജയം ഉറപ്പിക്കുകയായിരുന്നു. എന്നിരുന്നാലും മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ സ്വാധീനം ക്ഷയിക്കുന്നതായി ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.
നിർണായകമാകുന്ന ഫഡ്‌നാവിസിന്‍റെ നിലപാട്
ബിജെപിയുടെ ഗോവ യൂണിറ്റിന്‍റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് ഫലപ്രഖ്യാപനത്തിന് ശേഷം വാർത്താസമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച അദ്ദേഹം, അന്ന് പ്രമോദ് സാവന്തിന്‍റെ പേര് ഒഴിവാക്കിയിരുന്നു. ബിജെപിയിൽ ഉയർന്ന ആഭ്യന്തര കലഹത്തെ തുടർന്നാണ് അന്ന് സാവന്തിന്‍റെ പേര് ഒഴിവാക്കിയതെന്നാണ് സൂചന. എന്നിരുന്നാലും ഗോവ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച വിഷയത്തിൽ ഫഡ്‌നാവിസിന്‍റെ നിലപാട് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.
READ MORE:ഗോവ മുഖ്യമന്ത്രി; ബിജെപിയില്‍ തർക്കം, ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി വിശ്വജിത് റാണെ