ചെന്നൈ: ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കാൻ ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി യുവ ചെസ്സ് പ്രതിഭ ആർ പ്രഗ്നാനന്ദ (Praggnanandhaa Joins hands with ISRO- Promote Science And Technology Amng Indian Youth). ഇന്ന് ചെന്നൈയിലെ പ്രഗ്നാനന്ദയുടെ വസതി സന്ദർശിച്ച ശേഷം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥാണ് (S Somanath) ഇക്കാര്യം പ്രഖ്യാപിച്ചത്.
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണവേ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ പ്രഗ്നാനന്ദയുമായി ഉപമിച്ച ഐഎസ്ആർഒ ചെയർമാൻ, തങ്ങൾ ഇന്ത്യക്കുവേണ്ടി ചന്ദ്രനിൽ കൈവരിച്ച നേട്ടം പ്രഗ്നാനന്ദ ഭൂമിയിൽ കൈവരിച്ചതായി പുകഴ്ത്തി. "ചന്ദ്രനിൽ ഒരു പ്രഗ്യാൻ (റോവർ) ഉള്ളതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, ഇവൻ ഭൂമിയിലെ പ്രഗ്നാനന്ദയാണ്. ചന്ദ്രനിൽ ഞങ്ങൾ ഇന്ത്യക്ക് വേണ്ടി ചെയ്‌തത്, അവൻ കരയിൽ നേടിയിരിക്കുന്നു." -എസ് സോമനാഥ് പറഞ്ഞു. ഐഎസ്ആർഒയുടെ ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ ഭാഗമായിരുന്ന പ്രഗ്യാൻ റോവറിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
അടുത്ത തലമുറയെ പ്രചോദിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും സോമനാഥ് ഊന്നിപ്പറഞ്ഞു, "ഇദ്ദേഹവും ഞങ്ങളോടൊപ്പം ബഹിരാകാശ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കാൻ പോകുന്നു, ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നിവയിലേക്ക് യുവാക്കളെ പ്രചോദിപ്പിച്ച് ഇന്ത്യയെ വളരെ അഭിമാനകരവും ശക്തവുമായ രാഷ്ട്രമാക്കുന്നതിന് പ്രഗ്നാനന്ദ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്." ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി. പ്രഗ്നാനന്ദയുടെ അസാമാന്യമായ കഴിവും അർപ്പണബോധവും കണക്കിലെടുത്ത് ലോക റാങ്കിങ്ങിൽ അദ്ദേഹം ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്നും അതിനുള്ള കഴിവ് പ്രഗ്നാനന്ദക്കുണ്ടെന്നും എസ് സോമനാഥ് കൂട്ടിച്ചേർത്തു.