ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് സൂപ്പർ സ്റ്റാർ പദവിയിലെത്തിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് പിന്നാലെ പ്രഭാസിന്‍റേതായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾക്ക് വലിയ ഓളമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ പോലും താരത്തിന്‍റെ ചിത്രങ്ങൾക്കായി ഇപ്പോഴും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദിപുരുഷ്, സലാർ എന്നിവയാണ് താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ ആരാധകർ ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ചിത്രമാണ് സലാർ.
കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അതിനിടെ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായുള്ള നിരന്തര സമ്മർദത്തെ തുടർന്ന് സംവിധായകൻ പ്രശാന്ത് നീലും, നിർമാതാവ് വിജയ് കിരഗന്ദൂരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാക്കി എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന വാർത്തകളാണ് സലാറുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പ്രഭാസിന്‍റേതായി പുറത്തിറങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷിനൊപ്പം സലാറിന്‍റെ ടീസർ ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രഭാസ്, കൃതി സനോൺ, സെയ്‌ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ജൂണ്‍ 16നാണ് തിയേറ്ററുകളിലെത്തുന്നത്.
ഇതിനൊപ്പം സലാറിന്‍റെ ടീസറും പുറത്തിറക്കുമെന്നാണ് വിവരം. സലാറിന്‍റെ ക്യാരക്‌ടർ പോസ്റ്ററുകളും പ്രഭാസിന്‍റെ കുറച്ച് സ്റ്റില്ലുകളും മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളു. ചിത്രത്തിൽ ഇരട്ട വേഷത്തിലാകും പ്രഭാസ് എത്തുക എന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയിലെ പ്രമുഖ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായികയായി എത്തുന്നത്.
വരദരാജ മന്നാറായി പൃഥ്വിരാജ്: ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘വരദരാജ മന്നാർ’ എന്ന പ്രതിനായക വേഷത്തിലാണ് താരം എത്തുക. ജഗപതി ബാബു, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് സലാറിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്‌റ്റംബർ 28ന് റിലീസ് ചെയ്യുമെന്നാണ് വിവരം. തെലുഗുവിൽ പുറത്തിറങ്ങുന്ന ചിത്രം കന്നട, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റിയെത്തും.
അതേസമയം ആദി പുരുഷിന്‍റെ പ്രീ റിലീസ് ജൂണ്‍ ആറിന് തിരുപ്പതിയിൽ വച്ച് നടത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. 500 കോടിയിലധികം രൂപ മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന ചിത്രം ബോളിവുഡിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ്. നേരത്തെ വലിയ പ്രമോഷനോടെ പുറത്തിറക്കിയ ചിത്രത്തിന്‍റെ ടീസറിന് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നിരുന്നു.
റിലീസിനൊരുങ്ങി ആദിപുരുഷ്: ടീസറിന് ആരാധകരുടെ ഇടയിൽ നിന്ന് പോലും മോശം പ്രതികരണം ലഭിച്ചതോടെ 2023 ജനുവരിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം 2023 ജൂണിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ടീസറിലൂടെ ലഭിച്ച എല്ലാ ചീത്തപ്പേരുകൾക്കുമുള്ള മറുപടിയെന്നോണം അടുത്തിടെ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
മികവോടെയും ശ്രദ്ധയോടെയും അണിയിച്ചൊരുക്കിയ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആദ്യം പുറത്തിറങ്ങിയ ടീസറിനെ അപേക്ഷിച്ച് മികച്ച ദൃശ്യങ്ങൾ കൊണ്ടും ക്വാളിറ്റിയുള്ള വിഎഫ്‌എക്‌സ് കൊണ്ടും സമ്പന്നമായിരുന്നു ആദിപുരുഷിന്‍റെ ട്രെയിലർ. ശ്രീരാമനായി പ്രഭാസ് വേഷമിടുന്ന ചിത്രത്തിൽ കൃതി സനോനാണ് നായികയായ ജാനകിയായി എത്തുന്നത്.
ALSO READ: ആദിപുരുഷ് ഗാനം 5 ഭാഷകളില്‍; റാം സിയ റാം മെയ് 29ന്