സുര്‍ഗുജ (ഛത്തീസ്‌ഗഡ്): ആശുപത്രിയിലെ വൈദ്യുതി നിലച്ചതിനെ തുടർന്ന് നാല് നവജാത ശിശുക്കള്‍ മരണപ്പെട്ടു. ഛത്തീസ്‌ഗഡിലെ അംബികാപൂർ മെഡിക്കല്‍ കോളജിലാണ് സംഭവം. പവര്‍കട്ട് സമയത്ത് പ്രവര്‍ത്തിക്കേണ്ട ജനറേറ്റര്‍ സംവിധാനം തകരാറിലായതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്.
ആശുപത്രിയിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടികളാണ് മരണപ്പെട്ടത്. നാല് മണിക്കൂര്‍ നേരമാണ് ആശുപത്രിയില്‍ വൈദ്യുതി നിലച്ചത്. ഇത് കാരണം വെന്‍റിലേറ്റര്‍ പ്രവര്‍ത്തിക്കാതെ വന്നതിനാലാണ് മരണം സംഭവിച്ചത്.
കുട്ടികളുടെ പരിചരണത്തിനായി നേഴ്‌സുമാര്‍ ഉണ്ടായിരുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികൃതര്‍ ആരും തന്നെ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഛത്തീസ്‌ഗഡ് ആരോഗ്യ മന്ത്രി ടിഎസ് സിങ്ദേവ് ആരോഗ്യ സെക്രട്ടറി ആര്‍ പ്രസന്നയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.