കൊൽക്കത്ത : പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ജഗദീപ് ധൻഖർ. വോട്ടെടുപ്പ് അവസാനിച്ച് ഏഴ് ആഴ്‌ചകൾ പിന്നിട്ടിട്ടും ആക്രമണം സംബന്ധിച്ച കേസ് അവഗണിക്കപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ഏറ്റവും നിഷ്‌ഠൂരമായ അക്രമമാണ് ഇത്. നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും വോട്ടെടുപ്പ് നടത്തി. എന്നാൽ പശ്ചിമ ബംഗാൾ മാത്രം രക്തത്തിൽ കുതിർന്നു. എന്തുകൊണ്ട്? ഇന്ന് ആളുകൾക്ക് ഭയം കാരണം സംസാരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇരയായവരെ രക്ഷിക്കാൻ അധികൃതർ തയാറായില്ല
രാഷ്‌ട്രീയ അതിക്രമത്തിന് ഇരയായവരെ രക്ഷിക്കാൻ പൊലീസും ഭരണകൂടവും തയ്യാറായില്ല. താൻ അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. അന്ന് താൻ സന്ദർശിച്ച എല്ലാ വീടുകളിലും മൂന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്ത് കൊണ്ട് പൊലീസിൽ പോയില്ല?
ആരെങ്കിലും അന്വേഷണത്തിന് വന്നിരുന്നോ? ഏതെങ്കിലും മാധ്യമ പ്രവർത്തകർ വന്നോ? എന്നീ ചോദ്യങ്ങളാണ് ഉന്നയിച്ചത്. എന്നാൽ പരാതിയുമായി പോയവരെ പൊലീസ് പ്രതികളാക്കിയെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Read more: ബംഗാൾ തെരഞ്ഞെടുപ്പ് ആക്രമണം : അന്വേഷണത്തിന് പ്രത്യേക സമിതി
അതേസമയം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ആക്രമണം അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. മുൻ ഇൻ്റലിജൻസ് ബ്യൂറോ മേധാവി രാജീവ് ജെയിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.
കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് എൻഎച്ച്ആർസി അധികൃതർ അറിയിച്ചു.