വായു മലിനീകരണം ഏകദേശം 40% ഇന്ത്യക്കാരുടെയും ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. വായു മലിനീകരണം ഇന്ത്യക്കരുടെ ആയുസിൽ ഒമ്പത് വർഷത്തിലേറെ കുറയ്‌ക്കാൻ സാധ്യതയുണ്ടെന്നാണ് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
Also Read: കൊവിഡിന്‍റെ രണ്ടാം തരംഗം; സമ്പദ്‌വ്യവസ്ഥയെ ബാധിച്ചോ
ബുധനാഴ്‌ചയാണ് യുഎസ് ഗവേഷണ സംഘം റിപ്പോർട്ട് പുറത്തു വിട്ടത്. രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ മധ്യ, കിഴക്കൻ, വടക്കേ മേഖലകളിൽ താമസിക്കുന്ന 480 ദശലക്ഷത്തിലധികം ആളുകളെ മലിനീകരണം ഗണ്യമായ തോതിൽ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ ഉയർന്ന വായു മലിനീകരണം ഭൂമിശാസ്ത്രപരമായി വ്യാപിച്ചു. പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലും മധ്യഭാഗത്തുള്ള മധ്യപ്രദേശിലും വായുവിന്‍റെ ഗുണനിലവാരം ഗണ്യമായി ഇടിഞ്ഞു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് 2019ൽ ആരംഭിച്ച ദേശീയ ക്ലീൻ എയർ പ്രോഗ്രാമിന്‍റെ (NCAP) ലക്ഷ്യങ്ങൾ കൈവരിക്കാനായാൽ രാജ്യത്തെ ആയുർ ദൈർഘ്യം 1.7 വർഷവും ഡൽഹിയിൽ മാത്രം 3.1 വർഷവും വർധിപ്പിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2024 ഓടെ വായു മലിനീകരണം കൂടുതലുള്ള 102 നഗരങ്ങളിലെ മലിനീകരണ തോത് 20 മുതൽ 30 ശതമാനം വരെ കുറയ്‌ക്കുകയാണ് എൻസിഎപിയുടെ ലക്ഷ്യം. 2017 മുതൽ ഐക്യു എയറിന്‍റെ ഏറ്റവും അധികം വായു മലിനീകരണം ഉള്ള രാജ്യ തലസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹിയാണ്(2020 വരെ) ഒന്നാമത്. പിഎം 2.5 എന്നറിയപ്പെടുന്ന ശ്വാസകോശത്തിന് ഹാനികരമായ കണങ്ങളുടെ വായുവിലുള്ള സാന്ദ്രത അടിസ്ഥാനമാക്കിയാണ് മലിനീകരണത്തിന്‍റെ തോത് അളക്കുന്നത്.
കഴിഞ്ഞ വർഷം കൊവിഡ് ലോക്ക്ഡൗണിന്‍റെ കാലത്ത് രാജ്യത്തെ വായു മലിനീകരണം ഗണ്യമായി കുറഞ്ഞിരുന്നു. ഇന്ധന ഉപഭോഗം, വ്യാവസായിക മലിനീകരണം തുടങ്ങിയവ കുറച്ചുകൊണ്ട് വായുവിന്‍റെ ശുദ്ധത വർധിപ്പിക്കാനാണ് എൻസിഎപി പദ്ധതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്.