ബാരാമുള്ള: വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ താങ്‌മാർഗ് ഗ്രാമത്തിൽ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 31) വൈകുന്നേരമാണ് ഭീകരരുടെ ആക്രമണത്തില്‍ വൈലൂ ഗ്രാമത്തിലെ ഹെഡ് കോൺസ്‌റ്റബിളായ ഗുലാം മുഹമ്മദ് ദാറിന് വസതിക്ക് സമീപം വച്ച് വെടിയേറ്റത്. കഴിഞ്ഞദിവസം ഭീകരരുടെ വെടിയേറ്റ് ഒരു അതിഥി തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു.
ഭീകരരുടെ വെടിയേറ്റ പൊലീസുദ്യോഗസ്ഥനായ ഗുലാം മുഹമ്മദ് ദാറിനെ ഉടന്‍ തന്നെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ഭീകരരെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ പരിക്കുകളോടെ രക്തസാക്ഷിത്വം വഹിച്ചു. രക്തസാക്ഷിക്ക് ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ഈ നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യുന്നു. പ്രദേശം വളഞ്ഞിട്ടുണ്ട്. തെരച്ചിൽ നടക്കുന്നുവെന്ന് കശ്‌മീർ സോൺ പൊലീസ് എക്‌സിൽ കുറിച്ചു.
അതിഥി തൊഴിലാളിക്കും ദാരുണാന്ത്യം: കഴിഞ്ഞദിവസം തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ അജ്ഞാത ഭീകരവാദികളുടെ വെടിയേറ്റ് അതിഥി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ മുകേഷ് എന്നയാളാണ് ഭീകരരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ കഴിഞ്ഞദിവസം അജ്ഞാത ഭീകരരുടെ വെടിയേറ്റ് ജമ്മു കശ്‌മീര്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
പുല്‍വാമയിലെ നൗപോറയിലുള്ള തുംചി മേഖലയില്‍ വച്ചാണ് അതിഥി തൊഴിലാളിയായ മുകേഷിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് വക്താവ് എക്‌സില്‍ കുറിച്ചിരുന്നു. പ്രദേശം പൊലീസ് നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുമ്പും പൊലീസുദ്യോഗസ്ഥന് നേരെ വെടിവയ്‌പ്പ്: അതേസമയം ശ്രീനഗറിലെ ഈദ്‌ഗാഹ് മേഖലയില്‍ വച്ചാണ് മസ്‌റൂർ അഹമ്മദ് എന്ന ജമ്മു കശ്‌മീര്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ശ്രീനഗറിലെ ഈദ്‌ഗാഹിന് സമീപം വച്ച് ഇൻസ്‌പെക്‌ടർ മസ്‌റൂർ അഹമ്മദിന് നേരെ ഭീകരര്‍ വെടിയുതിർക്കുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് പിസ്‌റ്റളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് കശ്‌മീര്‍ മേഖല പൊലീസ് വക്താവ് എക്‌സില്‍ കുറിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കേസ് രജിസ്‌റ്റർ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.