ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് പൊലീസ് കോൺസ്റ്റബിളിന് വെടിയേറ്റു. ട്രാലിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) ക്യാമ്പിലെ കോൺസ്റ്റബിൾ അംജിദ് ഖാനാണ് പരിശോധനയ്ക്കിടെ അടിവയറ്റിൽ വെടിയേറ്റത്. ഇയാളുടെ തന്നെ റൈഫിൾ തട്ടിയെടുത്ത പ്രതി അംജിദ് ഖാന് നേരെ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ നിന്ന് ലഷ്കർ ഇ തോയ്‌ബയിലെ അംഗമായ ഫയാസ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ഭീകര പ്രവർത്തനത്തിനുപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ബുഡ്ഗാമിലെ സജീവമായ എൽഇടി തീവ്രവാദികൾക്ക് ഭട്ട് അഭയം നൽകിയതായും ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ എത്തിച്ച് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: കശ്‌മീരിൽ സമാധാനം നിലനിർത്താൻ സൈന്യം പ്രതിജ്ഞാബദ്ധമെന്ന് വൈ.കെ ജോഷി
ഇയാൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പാകിസ്ഥാൻ തീവ്രവാദ കമാൻഡർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫയാസ് അഹമ്മദ് ഭട്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.