മൈസൂരു : പാർലമെന്‍റില്‍ അക്രമം നടത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മനോരഞ്ജന്‍റെ മൈസൂരിലെ മുറി പൊലീസ് സീൽ ചെയ്‌തു. കേസ് അന്വേഷിക്കാൻ വെള്ളിയാഴ്‌ച മൈസൂരിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മനോരഞ്ജൻ ഡിയുടെ മുറി സീൽ ചെയ്‌തത് (Parliament Security Breach Accused Manoranjan's room sealed). ഉദ്യോഗസ്ഥർ രക്ഷിതാക്കളോട് സംസാരിച്ചു.
ബുധനാഴ്‌ച സന്ദർശക ഗാലറിയിൽ നിന്ന് പാര്‍ലമെന്‍റ് ചേമ്പറിലേക്ക് ചാടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേരില്‍ ഒരാളാണ് മനോരഞ്ജൻ. എഞ്ചിനീയറിങ് ബിരുദധാരിയായ മനോരഞ്ജനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു മനോരഞ്ജന്‍റെ മൈസൂരുവിലെ വസതിയിൽ വന്ന് മുറിയിൽ പരിശോധന നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ മുറി പൂട്ടിയിട്ടത്. വീണ്ടും അന്വേഷണത്തിന് എത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് വരെ പൂട്ട് തുറക്കരുതെന്നും അധികൃതർ മനോരഞ്ജന്‍റെ മാതാപിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
നിലവിൽ മനോരഞ്ജന്‍റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റുകളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പാർലമെന്‍റ് സുരക്ഷ വീഴ്‌ച വിസിറ്റേഴ്‌സ് ഗാലറിയിൽ നിന്ന് ലോക്‌സഭ ചേമ്പറിലേക്ക് ആദ്യം ചാടിയ സാഗർ ശർമ എന്ന പ്രതി മൈസൂരുവിലെ തങ്ങളുടെ വീട്ടിൽ എത്തിയിരുന്നതായി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ മനോരഞ്ജന്‍റെ മാതാപിതാക്കൾ പറഞ്ഞു.
സാഗർ ശർമയും മനോരഞ്ജന്‍ മൈസൂരിൽ പോയിട്ടുള്ള സ്ഥലങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. തൊഴിൽ രഹിതനായ എഞ്ചിനീയറിങ് ബിരുദധാരിയാണ് മനോരഞ്ജനെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പുസ്‌തകങ്ങൾ വായിക്കാൻ ഏറെ ഇഷ്‌ടമാണെന്നും ദേവരാജ ഗൗഡ പറഞ്ഞു. പിതാവിന്‍റെ മൊഴിയെ തുടർന്ന് ഡൽഹിയിലും മറ്റു സ്ഥലങ്ങളിലും യാത്ര ചെയ്യാൻ എവിടെനിന്നാണ് മനോരഞ്ജന് പണം കിട്ടിയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.
ദേവരാജ ഗൗഡയുടെ ജന്മനാടായ അരകലഗുഡിലെ മല്ലപൂർ ഗ്രാമത്തിലും കോണനൂർ പൊലീസ് സന്ദർശനം നടത്തി. ദേവരാജ ഗൗഡയ്ക്ക് ഗ്രാമത്തിൽ നാലേക്കർ കൃഷി ഭൂമി ഉണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 25 വർഷം മുമ്പ് അദ്ദേഹം ഗ്രാമം വിട്ടതാണെന്നും മനോരഞ്ജനെ ഇതുവരെ കണ്ടിട്ടില്ല എന്നും മല്ലപൂർ ഗ്രാമത്തിലെ സമീപവാസികളും പറഞ്ഞു.
ഡിസംബർ 13 നാണ് പാർലമെന്‍റിൽ സുരക്ഷ വീഴ്‌ച ഉണ്ടായത്. പ്രതികളായ മനോരഞ്ജന്‍ (34), സാഗർ ശർമ (26), അമോൽ ഷിൻഡേ (25), നീലം (37) എന്നിവരാണ് പിടിയിലായത്. മനോരഞ്ജന്‍നും സാഗർ ശർമക്കും എതിരെ ചുമത്തിയ കുറ്റം ലോക്‌സഭയ്ക്കുള്ളിൽ ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നുള്ളതാണ്. അമോൽ ഷിൻഡേയ്‌ക്കും, നീലം ദേവിയ്ക്കും എതിരെയുള്ളത് പാർലമെന്‍റിന് പുറത്ത് ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നതാണ്.
യുഎപിഎ പതിനാറാം വകുപ്പ്- ഭീകരാക്രമണം, യുഎപിഎ പതിനെട്ടാം വകുപ്പ്-ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാം.