മുംബൈ: കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ കർശനമാക്കി മുംബൈ പൊലീസ്. അവധി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പൊതുസ്ഥലങ്ങളിൽ ആളുകളുടെ സഞ്ചാരം നിയന്ത്രിക്കും, പ്രവൃത്തി ദിവസങ്ങളിൽ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ അത്യാവശ്യങ്ങൾക്കല്ലാതെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ല, ഏപ്രിൽ 30 വരെ ബീച്ചുകൾ അടയ്‌ക്കും. വെള്ളം, ബാങ്കിങ് സേവനങ്ങൾ, പണ ഇടപാടുകൾ എന്നിവയ്‌ക്ക് തടസമുണ്ടാകില്ല. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് അനുമതി.
അതേസമയം മുംബൈയിൽ കൊവിഡ് രോഗികൾക്ക് 3,993 കിടക്കകൾ ലഭ്യമാണെന്നും കൂടുതൽ ലഭ്യമാക്കുമെന്നും ബിഎംസി അറിയിച്ചു. രോഗം സ്ഥിരീകരിച്ചാൽ പരിഭ്രാന്തരാകരുതെന്നും തൊട്ടടുത്തുള്ള കൊവിഡ് വാർ റൂമുകളുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മഹാരാഷ്‌ട്രയിൽ പുതുതായി 55,469 കൊവിഡ് കേസുകളും 297 മരണവും സ്ഥിരീകരിച്ചു. നിലവിൽ 4,72,283 പേർ ചികിത്സയിലാണ്. ആകെ മരണസംഖ്യ 56,330 ആണ്.