ഹൈദരാബാദ്: തെലങ്കാന കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് കോടികൾ മോഷണം പോയ കേസിൽ നൈജീരിയൻ പൗരനായ വില്‍സൺ എന്നയാൾ പിടിയിലായി. ബാങ്കിൽ നിന്ന് 1.94 കോടി രൂപയാണ് മോഷണം പോയത്. ബാങ്കിന്‍റെ മെയിൻ സെർവർ ഹാക്ക് ചെയ്‌താണ് വിൽസൺ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തെ തുടർന്ന് ബാങ്ക് അധികാരികൾ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേ സമയം ഹൈദരാബാദ് സ്വദേശികളായ യാസിൻ ബാഷ, മുഹമ്മദ് റാഫി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസിൽ വിൽസനെയും ഒരു യുവതിയെയും പൊലീസ് അന്വേഷിക്കുകയായിരുന്നു. പഠനാവശ്യത്തിനും ജോലിക്കുമായി ഹൈദരാബാദ് എത്തിയതായിരുന്നു വിൽസൺ.
അക്കൗണ്ടിലൂടെ പണം ട്രാൻസ്‌ഫർ നടത്തിയെന്ന് പൊലീസ്
ഹൈദരാബാദിൽ മൂന്ന് വ്യാജ പേരുകളിലായി വിൽസൺ മൂന്ന് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയെന്നും വലിയൊരു തുക ഈ അക്കൗണ്ടിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. ജൂലൈ ഏഴിന് 1.94 കോടി രൂപയാണ് നെറ്റ് ബാങ്കിങ്ങിലൂടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്‌തത്.
തുടർന്ന് ജൂലൈ 12ന് ഹരിയാന, ഉത്തർ പ്രദേശ്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ രണ്ട് ലക്ഷത്തിൽ നിന്ന് ട്രാൻസ്‌ഫർ പരിധി ആറ് കോടിയായി ഉയർത്തിയെന്നും അടുത്തിടെയായി നൈജീരിയൻ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
READ MORE: ഓൺലൈൻ ക്ലാസിൽ അധ്യാപകനെന്ന വ്യാജേന ഫോൺ വിളി; കുട്ടികളുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെട്ടു