ലഖീംപൂര്‍ ഖേരി: ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷക റാലിയിലേക്ക് വാഹനം ഇടിച്ച് കയറ്റിയ കേസില്‍ നടപടി കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ അന്വേഷണ നടക്കുന്നതിനിടെയാണ് സംഘം പ്രതികളെ തിരിച്ചറിയാനായി ഫോട്ടോ പുറത്ത് വിട്ടത്. അക്രമത്തില്‍ പങ്കെടുത്ത ചിലരെ ഇതുവരെ കണ്ടെത്താനായി കഴിഞ്ഞിട്ടില്ല.
ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണ സംഘം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ആറ് പേരുടെ ഫോട്ടോകളാണ് അന്വേഷണം സംഘം കണ്ടെത്തിയത്. കൂടാതെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നൂറോളം പേരുടെ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Also Read: റായ്‌ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കേണ്ടിവരുമെന്ന് പ്രിയങ്ക ഗാന്ധി
ഡിഐജി ഉപേന്ദ്ര അഗര്‍വാളിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കേസില്‍ പ്രധാന പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കലാപത്തില്‍ മാധ്യമപ്രവര്‍ത്തകനും കര്‍ഷകനും ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 45 ലക്ഷം രൂപ നഷ്ട്പരിഹാരം നല്‍കിയിരുന്നു.