ചെന്നൈ : പിടിച്ചെടുത്ത മദ്യം മറിച്ചുവിറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തമിഴ്നാട് - തഞ്ചാവൂർ ജില്ലയിലെ തിരുചിത്രമ്പലം സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 434 മദ്യക്കുപ്പികൾ മെയ് എട്ടിന് പിടിച്ചെടുത്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നില്ല.
പ്രതികളെ അറസ്റ്റുചെയ്യുന്നതിനുപകരം മുന്നറിയിപ്പ് നൽകി വിട്ടയയ്ക്കുകയായിരുന്നു. തുടര്‍ന്ന് കണ്ടുകെട്ടിയ മദ്യക്കുപ്പികൾ സംഭവസ്ഥലത്തു തന്ന മറ്റൊരാൾക്ക് പൊലീസ് മറിച്ചുവിറ്റു. തുടര്‍ന്ന് പ്രതിഫലം പങ്കുവച്ചതായും ആരോപണമുയര്‍ന്നിരുന്നു.
ALSO READ: പാന്‍-ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കി എസ്ബിഐ ; അവസാന തിയ്യതി ജൂണ്‍ 30
പട്ടുകോട്ടൈ ഡി.എസ്.പി പുഗഴേന്ദി ഗണേശന്‍റെ നിർദേശപ്രകാരം തഞ്ചാവൂർ ഡി.ഐ.ജി പ്രവേഷ് കുമാറാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരോപണങ്ങള്‍ സ്ഥിരീകരിച്ചു.
ഇതേതുടര്‍ന്ന്, പൊലീസ് ഇൻസ്പെക്ടർ അനിത ക്രേസി, സബ് ഇൻസ്പെക്ടർ രാജ്മോഹൻ, എസ്.ഐ ദുരയ്യരാസൻ, ഹെഡ് കോൺസ്റ്റബിൾ രാമമൂർത്തി എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.