കൊല്‍ക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കഴിഞ്ഞദിവസം കൂറ്റന്‍ വിജയം നേടിയിരുന്നു. ഒപ്പം ക്രിക്കറ്റ് ദൈവത്തിന്‍റെ ഏകദിന സെഞ്ചുറി റെക്കോഡിനൊപ്പം സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലി എത്തിയതും കായികപ്രേമികള്‍ ഏറെ ആരവത്തോടെയാണ് വരവേറ്റത്.
എന്നാല്‍ മത്സരത്തിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന കൊൽക്കത്ത മൗണ്ടഡ് പൊലീസിന് ഇന്ത്യന്‍ വിജയത്തിലെ സന്തോഷത്തിനൊപ്പം തന്നെ സങ്കടത്തിന്‍റെ നനവുമുണ്ടായിരുന്നു. കാരണം തങ്ങളുടെ സ്‌ക്വാഡിലെ പ്രിയപ്പെട്ട കുതിരയായ വോയ്‌സ് ഓഫ് റീജൻസിന്‍റെ മരണമായിരുന്നു ഇവരെ സങ്കടത്തിലാഴ്‌ത്തിയത്. റീജന്‍സിന്‍റെ മരണത്തിനും ഇന്ത്യയുടെ മത്സരവുമായി നേരിട്ടല്ലാത്ത ബന്ധമുണ്ടായിരുന്നു.
സംഭവം ഇങ്ങനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരദിനത്തില്‍ പിറന്നാളുകാരന്‍ കൂടിയായ വിരാട് കോലി സെഞ്ചുറിയോട് കൂടി 49 സെഞ്ചുറികള്‍ എന്ന സച്ചിന്‍റെ റെക്കോഡിലേക്ക് നടന്നുകയറിയിരുന്നു. ഈ സമയത്ത് ആഹ്ലാദഭരിതരായ ആരാധകര്‍ സ്‌റ്റേഡിയം പരിസരത്ത് പടക്കം പൊട്ടിച്ചിരുന്നു. പടക്കത്തിന്‍റെ പെട്ടന്നുണ്ടായ ഘോര ശബ്‌ദത്തില്‍ സുരക്ഷ ചുമതല ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലിയിലായിരുന്ന വോയ്‌സ് ഓഫ് റീജൻസ് അസ്വസ്ഥനാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതാണ് റീജന്‍സിന്‍റെ മരണകാരണമെന്ന് ഡോക്‌ടര്‍മാരും അറിയിച്ചു. അതേസമയം സ്‌റ്റേഡിയം വളപ്പില്‍ ആരാണ് പടക്കം പൊട്ടിച്ചതെന്നും ഇതിന് അനുമതിയുണ്ടായിരുന്നോ തുടങ്ങിയ വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
ആരായിരുന്നു റീജന്‍സ്: കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് റേസ് കോഴ്‌സ്, വോയ്‌സ് ഓഫ് റീജന്‍സിനെ കൊൽക്കത്ത മൗണ്ടഡ് പൊലീസിന് സമ്മാനിക്കുന്നത്. കഴിഞ്ഞദിവസം ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലേക്ക് കാണികളെ കയറ്റിവിടുന്നത് സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു റീജന്‍സും ഉണ്ടായിരുന്നത്. എന്നാല്‍ പടക്കം പൊട്ടിയ വലിയ ശബ്‌ദം കേട്ട് കുതിര ഭയപ്പെട്ട് ഓടാന്‍ തുടങ്ങി. ഇതിനിടെ കുതിരപ്പുറത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ റോഡിലേക്ക് വീഴുകയുമുണ്ടായി.
മാത്രമല്ല റീജന്‍സ് പരിഭ്രാന്തനായി ഓടിയതിനെ തുടര്‍ന്ന് മൗണ്ടഡ് പൊലീസിലെ തന്നെ മറ്റ് നാല് കുതിരകൾക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സമയോചിതമായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ റീജന്‍സിനെ മെരുക്കി പെലീസ് മൗണ്ടഡ് ഡിവിഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കിയിരുന്നുവെങ്കിലും രാത്രി വൈകി കുതിര ചത്തു.