പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ് ): ഉമേഷ് പാല്‍ വധക്കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതി അര്‍ബാസാണ് ഇന്ന് പ്രയാഗ്‌രാജിലെ ധുമൻഗഞ്ച് പ്രദേശത്ത് വച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. വധത്തിന് ഉപയോഗിച്ച ബൈക്കുകളിലൊന്നില്‍ പ്രതി അര്‍ബാസ് സഞ്ചരിക്കുന്നതായി കണ്ടതോടെ സുലേമസരായ് പ്രദേശത്തെ നെഹ്‌റു പാര്‍ക്ക് ഏരിയയില്‍ വച്ച് പൊലീസ് പിന്തുടരുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
ഉമേഷ് പാലിനെ കൊലപ്പെടുത്തുന്ന ദിവസം കൃത്യത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് അര്‍ബാസായിരുന്നു. കാര്‍ ഓടിക്കുമ്പോള്‍ തന്നെ ഇയാളും ഉമേഷിന് നേരെ വെടിയുതിര്‍ത്തിരുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. യുപി ഭരണകൂടവും പൊലീസും കുറ്റവാളികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും മാഫിയകള്‍ക്കുമെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇവരെ സംരക്ഷിക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2005ൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് കൊല്ലപ്പെടുന്നത്. ഗണ്‍മാന്‍ ഒപ്പമുണ്ടായിരുന്നപ്പോഴാണ് പ്രയാഗ്‌രാജിലെ വസതിക്ക് മുന്നില്‍ വച്ച് ഉമേഷ് പാലിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്നത്. കാറില്‍ നിന്നിറങ്ങുകയായിരുന്ന ഉമേഷിനും ഗണ്‍മാനും നേരെ പ്രദേശത്തെ പച്ചക്കറി വണ്ടിക്കും കടകള്‍ക്കും സമീപമായി ഒളിച്ചിരുന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.