ജയ്‌പൂർ : തെലുങ്ക് ചലച്ചിത്ര നടിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത കേസ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കാന്‍ ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി. കേസിൽ നാലാഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നടിയുടെ പിതാവ് നൽകിയ ഹർജിയിൽ ജഡ്‌ജി സതീഷ് കുമാർ ശർമയുടെ സിംഗിൾ ബഞ്ചിന്‍റേതാണ് ഉത്തരവ്.
പാക് ഹാക്കർമാരാണ് നടിയുടെ അക്കൗണ്ടില്‍ തിരിമറി നടത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് കണ്ടെത്തൽ. നാലാഴ്‌ചയ്‌ക്ക് ശേഷം ഹർജിയിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
ALSO READ: 3 പാക് കേന്ദ്രീകൃത ഭീകരരെ കൂടി പിടികൂടി ഡല്‍ഹി പൊലീസ് ; അറസ്റ്റ് യു.പിയില്‍ നിന്ന്
2.5 മില്യൺ ഫോളോവേഴ്‌സുള്ള പ്രമുഖ നടിയുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തു. അഡ്‌മിന്‍മാരായ നടിയെയും സഹോദരനെയും നീക്കിയിട്ടുണ്ട്. അക്കൗണ്ട് തിരികെ നൽകണമെങ്കിൽ 60,000 രൂപ നൽകണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്‌തു.
തുടർന്ന് ജൂലൈ 12ന് നടിയുടെ പിതാവ് വിദ്യാധർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും കാര്യമായ നടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.