ഹൈദരാബാദ്: ട്രാഫിക്ക് പരിശോധനയ്ക്കിടെ അച്ഛനെ പൊലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട് റോഡിൽ പൊട്ടിക്കരഞ്ഞ് മകൾ. മഹബൂബാബാദ് സ്വദേശിയായ ശ്രീനിവാസിന്‍റെ മകളാണ് അച്ഛനെ പൊലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട് കരഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അച്ഛനെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് മകൾ കരയുന്നത് ദൃശ്യങ്ങളിൽ കാണാം. ശ്രീനിവാസ് മകളുമൊത്ത് ടൗണിൽ പച്ചക്കറി വാങ്ങാൻ പോയപ്പോഴായിരുന്നു സംഭവം. ഹെൽമറ്റ് ധരിക്കാതിരുന്ന ശ്രീനിവാസിനെ കുറവി റോഡിൽ ട്രാഫിക്ക് പരിശോധനയ്‌ക്കെത്തിയ പൊലീസ് തടഞ്ഞു നിർത്തി ബൈക്കിന്‍റെ താക്കോൽ എടുത്തു.
താക്കോൽ തിരികെ ചോദിച്ചതിന് പൊലീസ് ശ്രീനിവാസിനെ കയ്യേറ്റം ചെയ്യുകയാണുണ്ടായത്. പിഴ അടക്കാൻ തയാറാണെന്ന് പറഞ്ഞിട്ടും പൊലീസ് കേൾക്കാൻ തയാറായില്ല. അച്ഛനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് ശ്രീനിവാസിന്‍റെ മകൾ നടുറോഡിൽ പൊട്ടിക്കരഞ്ഞു.
മകൾ കരയുന്നത് കണ്ട് പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശ്രീനിവാസ് റോഡിൽ നിലയുറപ്പിച്ചു. പിന്നീട് പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി ശ്രീനിവാസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഹെൽമറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച് കൗൺസിലിങ് നൽകി പറഞ്ഞയച്ചു.
Also Read: നടുറോഡില്‍ പൊലീസുകാരെ ആക്രമിച്ച് സഹോദരങ്ങൾ, പൊലീസുകാരന്‍റെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ