വിശാഖപട്ടണം(ആന്ധ്രപ്രദേശ്) : ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ലൈംഗിക തൊഴിലാളി എന്ന പേരില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ സംഘത്തെ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലോണുമായി യുവതിക്ക് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി.
വിശാഖപട്ടണത്ത് താമസിക്കുന്ന ഒരു വ്യക്തിയ്‌ക്ക് 4000, 2500 തുടങ്ങി തവണകളായി ലോണ്‍ ആപ്പ് കമ്പനി പണം നല്‍കിയിരുന്നു. കൊടുത്ത തുകയെല്ലാം ഇയാള്‍ കൃത്യമായി തിരിച്ചടയ്‌ക്കുകയും ചെയ്‌തു. ഏറ്റവും ഒടുവില്‍ 4000 രൂപ ആവശ്യപ്പെട്ടത് പ്രകാരം ലോണ്‍ നല്‍കിയിരുന്നുവെങ്കിലും തിരിച്ചടയ്‌ക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.
ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് യുവാവിന്‍റെ കോണ്‍ടാക്‌റ്റ് ലിസ്‌റ്റിലുള്ള ഒരു യുവതിക്ക് നിരന്തരമായി ലോണ്‍ കമ്പനി ഭീഷണി സന്ദേശമയച്ചിരുന്നു. എത്രയും വേഗം ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ കുടിശ്ശികക്കാരി എന്ന് ആരോപിച്ച് ബന്ധുക്കള്‍ക്ക് പോസ്റ്റുകള്‍ അയയ്ക്കുമെന്നായിരുന്നു ആദ്യ ഭീഷണി. പിന്നാലെ യുവതിയുടെ ഫോട്ടോയ്‌ക്ക് ചുവടെ ലൈംഗിക തൊഴിലാളി എന്ന് എഴുതി ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തി വാട്‌സാപ്പില്‍ സന്ദേശമയച്ചും ഭീഷണിപ്പെടുത്തി.
പ്രതികളെ കണ്ടെത്തിയത് ഇങ്ങനെ : ഭീഷണിയില്‍ ഭയന്ന യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വാട്‌സാപ്പ് ലൊക്കേഷന്‍ ആസാമിലും, ബാങ്ക് അക്കൗണ്ട് നമ്പര്‍ ഹരിയാനയിലും, ഫോണ്‍ നമ്പരിന്‍റെ ലൊക്കേഷന്‍ ഡല്‍ഹിയിലുമാണെന്ന് കണ്ടെത്തി. ഒടുവില്‍ നേഹ കുമാരി എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായി.
നേഹ കുമാരിയും സഹോദരി പൂജയും ടെലി പെര്‍ഫോമെന്‍സില്‍ ട്രെയിനിയായി ജോലി ചെയ്‌തുവരികയായിരുന്നു. നേഹ കുമാരിയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്‌തിരുന്നത് ഇളയ സഹോദരന്‍ രാഹുല്‍ മെഹ്‌ത്തയാണ്.
രാഹുല്‍ മെഹ്‌ത്തയെ ഇതിനെല്ലാം സഹായിച്ചിരുന്നത് സുഹൃത്ത് അഭിഷേകും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞ പൊലീസ് രാഹുല്‍, അഭിഷേക് എന്നിവരെ അറസ്റ്റ് ചെയ്‌തു. ഇവരെ ദ്വാരക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.