ന്യൂഡൽഹി: സ്‌ത്രീകൾക്ക് കഴിവ് തെളിയിക്കാൻ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപിയെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലാജെ. പുനഃസംഘടനയുടെ ഭാഗമായി ഏഴ് വനിതകളെയാണ് രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലേക്കെത്തിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നുവെന്നതും രാഷ്ട്രീയത്തിലെ ലിംഗപരമായ അസമത്വം ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കുന്നതും അഭിമാനകരമായ കാര്യമാണെന്നും ശോഭ കരന്തലാജെ പറഞ്ഞു. ധനകാര്യം, വിദേശകാര്യം പോലുള്ള സുപ്രധാന വകുപ്പുകളിൽ സ്ത്രീകളെ മന്ത്രിമാരായി നിയമിക്കുന്നത് ബിജെപി സർക്കാർ മാത്രമാണെന്നും പറഞ്ഞു.
read more:ഏഴ് വനിതകള്‍ കൂടി കേന്ദ്രമന്ത്രിസഭയില്‍ ; വനിതാപ്രാതിനിധ്യം 11
സ്ത്രീകൾക്ക് പ്രധാന പദവികൾ മാത്രമല്ല ബിജെപി നൽകുന്നത് സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ലോക് സഭയില്‍ ചിക്മംഗളൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശോഭ കരന്ദ്‌ലജെ സങ്കീര്‍ണമായ നിരവധി വിഷയങ്ങളിൽ പാർട്ടിക്കായി മുന്നിട്ടിറങ്ങി ശ്രദ്ധയാകര്‍ഷിച്ച നേതാവാണ്.
ദർശന വിക്രം ജർദോഷ്, മീനാക്ഷി ലേഖി,അന്നപൂർണ ദേവി യാദവ്, പ്രതിമ ഭൗമിക്, ഡോ. ഭാരതി പവാർ എന്നിവരാണ് മന്ത്രിസഭയിലെത്തിയ മറ്റ് വനിതകള്‍. ധനമന്ത്രി നിർമല സീതാരാമൻ, സ്മൃതി ഇറാനി, രേണുക സിങ്, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരാണ് നിലവിൽ മന്ത്രിസഭയിലുള്ള വനിതകള്‍.