ന്യൂഡല്‍ഹി: ലോക ജലദിനമായ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി "ജലശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ" കാമ്പയിൻ ആരംഭിക്കും. രാജ്യത്തുടനീളം ശുദ്ധജല സംഭരണം ഉറപ്പാക്കുക എന്നാണ് കാമ്പയിന്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന കെൻ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രവും ഇതേ ചടങ്ങില്‍ ഒപ്പിടും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ചേര്‍ന്നാണ് പദ്ധതിയില്‍ ഒപ്പ് വക്കുക.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയാണ് അന്തര്‍സംസ്ഥാന സഹകരണം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. ജലലഭ്യത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരള്‍ചയനുഭവിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നദി വഴി ജലം വിതരണം ചെയ്യുന്ന പദ്ധതിയാണ് കെൻ ബെത്വ ലിങ്ക്.
പദ്ധതി വഴി ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ജലദൗര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശങ്ങളിലെ പ്രതിസന്ധി ഇല്ലാതാക്കാന്‍ സാധിക്കും. ജലദൗർലഭ്യം രാജ്യത്തിന്‍റെ വികസനത്തിന് തടസമാകില്ലെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കുമെന്നും പിഎംഒ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.