ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല്‍ പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്‌ച നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴി ഉച്ചയ്‌ക്ക് 12 മണിക്കാണ് കൂടിക്കാഴ്‌ചയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിവിധ മേഖലകളിൽ അസാധാരണമായ കഴിവുകളും മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കുമാണ് സർക്കാർ പുരസ്‌കാരം നൽകുന്നത്. വിവിധ വിഭാഗങ്ങളിൽ നിന്നും 32 അപേക്ഷകരെയാണ് ഈ വർഷം പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 21സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 32 ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് അവാർഡിനർഹരായവർ. കലാസാംസ്കാരിക മേഖലയിൽ ഏഴു പേരും നവീന ആശയങ്ങൾക്ക് ഒൻപത് പേരും പാണ്ഡിത്യപരമായ പ്രകടനങ്ങൾക്ക് അഞ്ച് പേരും കായിക മേഖലയിൽ ഏഴു പേരും ധീരതയ്‌ക്ക് മൂന്നു പേരും സാമൂഹ്യ സേവനത്തിന് ഒരാളുമാണ് പുരസ്‌കാരത്തിനർഹരായത്.
റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട അതിഥികൾ, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, ടാബ്ലോ കലാകാരൻമാർ എന്നിവരുമായി പ്രധാനമന്ത്രി ഞായറാഴ്‌ച 'അറ്റ് ഹോം' എന്ന പരിപാടിയിലൂടെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കലാകാരന്‍മാരുടെ പങ്കാളിത്തം രാജ്യത്തെ ഓരോ പൗരനും ഊർജം നൽകുമെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പറഞ്ഞു. റിപ്പബ്ലിക് ഡേ പരേഡ് രാജ്യത്തെ മഹത്തായ സാമൂഹിക-സാംസ്കാരിക പൈതൃകത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ജീവൻ നൽകുന്ന ഭരണഘടനയ്‌ക്കും വേണ്ടിയുള്ള സമർപ്പണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അർജുൻ മുണ്ട, കിരൺ റിജിജു, രേണുക സിംഗ് സരുത എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു .