ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ തെറ്റുകൾ അംഗീകരിച്ച് വിദഗ്ധരുടെ സഹായം തേടിയാൽ മാത്രമെ ഇന്ത്യയുടെ പുനർനിർമ്മാണം സാധ്യമാവുകയുള്ളുവെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോകത്ത് ദാരിദ്ര്യ നിരക്ക് കുത്തനെ ഉയര്‍ന്നെന്നും ഏറ്റവും കൂടിയത് ഇന്ത്യയിലെ നിരക്കാണെന്നുമുള്ള ലോക ബാങ്കിന്‍റെ ഡാറ്റ പരാമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ ആരോപണം. ആകെ വര്‍ധനവിന്‍റെ 57.3 ശതമാനം ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്.
also read: 'പതിവ് നുണകളും പ്രാസമൊപ്പിച്ച മുദ്രാവാക്യങ്ങളുമല്ല'; ആവശ്യം വാക്സിനെന്ന് കേന്ദ്രത്തിനെതിരെ രാഹുല്‍
"ഇത് മഹാമാരിലെ നേരിട്ടതില്‍ സര്‍ക്കാരിന് വന്ന വീഴ്‌ചയുടെ ഫലമാണ്. ഇപ്പോൾ നമ്മൾ ഭാവിയിലേക്ക് നോക്കണം. പ്രധാനമന്ത്രി തന്‍റെ തെറ്റുകൾ അംഗീകരിക്കുകയും വിദഗ്ദ്ധരുടെ സഹായം തേടുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന്‍റെ പുനർനിര്‍മാണം ആരംഭിക്കും,” രാഹുല്‍ ട്വീറ്റ് ചെയ്‌തു. നിഷേധത്തിൽ ജീവിക്കുന്നത് ഒന്നും പരിഹരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിയുടെ സമയത്ത് ആഗോള ദാരിദ്ര്യ നിരക്കിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ലോകബാങ്കിന്‍റെ പഠനം വ്യക്തമാക്കുന്നത്. ഇടത്തരം ജീവിതം നയിക്കുന്നവരുടെ വർധനവില്‍ 59.3 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നും കണക്ക് വ്യക്തമാക്കുന്നു.