ന്യൂഡല്‍ഹി: പരീക്ഷയുടെ സമ്മര്‍ദമില്ലാതാക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'പരീക്ഷ പേ ചര്‍ച്ച'ക്ക് ഇതുവരെ ചെലവഴിച്ചത് 28 കോടി രൂപ. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി നടത്തുന്ന ചര്‍ച്ചയുടെ ആദ്യ അഞ്ച് പതിപ്പുകള്‍ക്കായി 28 കോടി രൂപ ചെലവഴിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചത്. അതേസമയം പരീക്ഷ പേ ചര്‍ച്ചയുടെ ആറാം പതിപ്പ് ഇക്കഴിഞ്ഞ ജനുവരി 27 ന് ഡല്‍ഹിയിലെ തൽക്കത്തോറ സ്‌റ്റേഡിയത്തിലാണ് നടന്നത്.
ഓരോ പതിപ്പും, പുത്തന്‍ പാഠങ്ങളും: പരീക്ഷ പേ ചര്‍ച്ചക്കായി ചെലവഴിച്ച തുകയെക്കുറിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലമുള്ള പ്രതികരണത്തിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂര്‍ണ ദേവി ഇത് വ്യക്തമാക്കിയത്. 2018 ല്‍ നടന്ന പരീക്ഷ പേ ചര്‍ച്ചയുടെ ആദ്യ പതിപ്പിന് 3.67 കോടി രൂപയും, തുടര്‍ന്നുള്ള 2019 ലെ രണ്ടാം പതിപ്പിന് 4.93 കോടി രൂപയും, 2020 ലെ മൂന്നാം പതിപ്പിന് 5.69 കോടി രൂപയുമാണ് ചെലവഴിച്ചത്. പരീക്ഷ പേ ചര്‍ച്ചയുടെ 2021 ലെ നാലാം പതിപ്പിന് ആറ് കോടി രൂപയും 2022 ലെ അഞ്ചാം പതിപ്പിന് 8.61 കോടി രൂപയും ചെലവഴിച്ചതായും മന്ത്രി വ്യക്തമാക്കി.
'വളരുന്ന' പരീക്ഷ ചര്‍ച്ച: അതേസമയം ഏറ്റവുമൊടുവിലായി കഴിഞ്ഞ 2023 ലെ ആറാം പതിപ്പിന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനപങ്കാളിത്തം ഏറെയായിരുന്നു. ഇതിനായി 2022 നവംബര്‍ 25ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ അവസാനിച്ചത് ഡിസംബര്‍ 30നായിരുന്നു. മാത്രമല്ല മുന്‍കാലങ്ങളെ പരിഗണിച്ചാല്‍ ഏറ്റവുമധികം രജിസ്‌ട്രേഷന്‍ നടന്നത് ഈ വര്‍ഷമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 31.24 ലക്ഷം വിദ്യാര്‍ഥികളും 5.60 ലക്ഷം അധ്യാപകരും 1.95 ലക്ഷം രക്ഷിതാക്കളുമുള്‍പ്പടെ 38.80 ലക്ഷം ആളുകളാണ് പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം പതിപ്പിന്‍റെ ഭാഗമായത്. ഇന്ത്യന്‍ പൗരന്മാര്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിമപ്പെട്ടുവെന്നും ദിനേന ആറ് മണിക്കൂര്‍ പൗരന്‍മാര്‍ സ്‌ക്രീനില്‍ ചിലവഴിക്കുന്നത് വഴി മനുഷ്യന്‍റെ സര്‍ഗാത്മക കഴിവുകള്‍ ഇല്ലാതാകുകയാണെന്നും പ്രധാനമന്ത്രി ആറാം പതിപ്പില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
അന്നുതൊട്ട് ഇന്നുവരെ: പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ വിദ്യാര്‍ഥികളിലുള്ള പരീക്ഷ പേടിയും ഉത്‌കണ്ഠയും അകറ്റാനായി ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16 നാണ് നടന്നത്. എന്നാല്‍ ഒടുവില്‍ നടന്ന 2023 ലെ ആറാം പതിപ്പിലെത്തുമ്പോള്‍ 15 ലക്ഷത്തിലധികം പേരാണ് പരിപാടിക്കായി രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്.