ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇക്കൊല്ലത്തെ ഏറ്റവും അവസാനത്തെ മന്‍ കി ബാത്തിന് കാതോര്‍ത്ത് ബിജെപി ഉന്നത നേതാക്കള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ലഖ്‌നൗവില്‍ ഇരുന്നാണ് മന്‍ കി ബാത്ത് ശ്രവിച്ചത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഡല്‍ഹിയില്‍ മോദിയുടെ പ്രസംഗം ശ്രവിച്ചു (Top BJP leaders tune in to last Mann ki Baat of 2023)
അസമിലെ ദിബ്രുഗഡിലിരുന്നാണ് കേന്ദ്ര മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ മന്‍കി ബാത്ത് കേട്ടത്. പുതുതായി അധികാരമേറ്റ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ജയ്‌പൂരിലും പ്രധാനമന്ത്രിയെ കേട്ടു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയും പ്രധാനമന്ത്രിയുടെ പരിപാടി കേട്ടു.
ഇതുവരെ 108 മന്‍ കി ബാത്താണ് താന്‍ നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിക്കതിനും നല്ലരീതിയില്‍ പൊതു പങ്കാളിത്തം ഉണ്ടായിരുന്നെന്നും മോദി അവകാശപ്പെട്ടു. അവരില്‍ നിന്ന് പലപ്പോഴും താന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുത്തന്‍ ഊര്‍ജവുമായി നമ്മുടെ വളര്‍ച്ച തുടരാമെന്നും നാളത്തെ പുലരി 2024ലെ ആദ്യ സൂര്യനുമായി എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രയാന്‍റെ വിജയത്തില്‍ അഭിനന്ദിച്ച് കൊണ്ട് തനിക്ക് ഇന്നും സന്ദേശങ്ങള്‍ എത്തിയത് അദ്ദേഹം പങ്ക് വച്ചു. ഇതേ ആവേശം പുത്തന്‍ വികസനത്തിന് 2024ലും നമുക്ക് തുടരാം. ആത്മവിശ്വാസത്തോടെ ഇന്ത്യ മുന്നേറുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരില്‍ പ്രത്യേകിച്ച് വനിത ശാസ്ത്രജ്ഞരില്‍ എന്നെപ്പോലെ നിങ്ങള്‍ ഓരോരുത്തരും അഭിമാനിക്കുന്നു.
ഇക്കൊല്ലം രാജ്യത്തിന് വേണ്ടി നേട്ടങ്ങള്‍ കൊയ്‌ത കായികതാരങ്ങളെയും താന്‍ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ നമ്മള്‍ ഇക്കൊല്ലം കൈവരിച്ചു. ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകള്‍ നാം നേടി. 111 മെഡലുകള്‍ ഏഷ്യന്‍ പാരാ ഗെയിംസിലും നേടി. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹൃദയാവര്‍ജ്ജകമായ പ്രകടനം നടത്തി. 2024ല്‍ പാരിസ് ഒളിമ്പിക്‌സിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് നാം. അവിടെയും നാം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. രാജ്യം ഒന്നാകെ നമ്മുടെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒസ്‌കറിലും ഇക്കുറി നേട്ടങ്ങള്‍ ഉണ്ടാക്കി. വികസിത ഭാരതത്തിന്‍റെ ഗുണം യുവാക്കള്‍ക്കാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസിത ഭാരതത്തന്‍റെ ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണം, ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അക്ഷയ് കുമാർ, വിശ്വനാഥന് ആനന്ദ്, ജഗ്ഗി വാസുദേവ് തുടങ്ങിയവർ മൻ കി ബാത്തിൽ ഫിറ്റ്നസ് സന്ദേശം നൽകി. കൂടാതെ മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി.
Also Read: ഇ-സഞ്ജീവനി ആപ്പ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിച്ചു: നരേന്ദ്ര മോദി