പട്‌ന : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച(27.06.2023) അഞ്ച് വന്ദേ ഭാരത് എക്‌സ്‌പ്രസുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും. മധ്യപ്രദേശ് - ഭോപ്പാലിലെ റാണി കമാല്‍പാടി റെയില്‍വേ സ്‌റ്റേഷനിലാണ് അഞ്ച് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നടക്കുക. പ്രധാനമന്ത്രി നേരിട്ടെത്തിയും വെര്‍ച്വലായുമാണ് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുക.
ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകള്‍ ഇവ : രാവിലെ 10.30ഓടെയാണ് പ്രധാന മന്ത്രി റാണി കമാല്‍പാടി റെയില്‍വേ സ്‌റ്റേഷനില്‍ ചടങ്ങുകള്‍ക്കായി എത്തുക. റാണി കമാല്‍പാടി- ജബല്‍പൂര്‍ എക്‌സ്‌പ്രസ്, ഖജുരാഹോ - ഭോപ്പാല്‍ - ഇന്‍ഡോര്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ്, മഡ്‌ഗാവ് - മുംബൈ വന്ദേഭാരത് എക്‌സ്‌പ്രസ്, ധര്‍വാഡ് - ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ്, ഹടിയ - പട്‌ന വന്ദേഭാരത് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുക.
മധ്യപ്രദേശിലെ ജബല്‍പൂരിലെ മഹാകൗശല്‍ മേഖലയെയും ഭോപ്പാലിലെ സെന്‍ട്രല്‍ മേഖലയെയും ബന്ധിപ്പിക്കുന്നതാണ് റാണി കമാല്‍പാടി-ജബല്‍പൂര്‍ വന്ദേഭാരത് എക്‌സ്‌പ്രസ്. കൂടാതെ, ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ഭേരാഗട്ട്, പച്ച്മാര്‍ഹി, സത്‌പുര തുടങ്ങിയ സ്ഥലങ്ങള്‍ക്കും ഇവ ഗുണം ചെയ്യും. ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച്, കമാല്‍പാടി - ജബല്‍പൂര്‍ വന്ദേഭാരത് എക്‌സ്‌പ്രസില്‍ 30 മിനിട്ട് നേരത്തേയെത്താം.
ഇന്‍ഡോറിലെ മാല്‍വ മേഖലയെയും ബണ്ടല്‍ഖണ്ട് മേഖലയെയും ഭോപ്പാലിലെ പ്രധാന മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഖജുരാഹോ- ഭോപ്പാല്‍- ഇന്‍ഡോര്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ്. മഹാകലേശ്വര്‍, മണ്ടു, മഹേശ്വര്‍, ഖജുരാഹോ, പന്ന തുടങ്ങിയ ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍ക്ക് ഇവ ഉപകാരപ്രദമാകും. ഈ റൂട്ടിലെ വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് ഖജുരാഹോ- ഭോപ്പാല്‍- ഇന്‍ഡോര്‍ വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ 30 മിനിട്ട് നേരത്തേയെത്താം.
ഗോവയിലെ ആദ്യ വന്ദേഭാരത് : ഗോവയിലെ ഏറ്റവും ആദ്യത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസാണ് മഡ്‌ഗാവ്- മുംബൈ എക്‌സ്‌പ്രസ്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ ടെര്‍മിനല്‍ മുതല്‍ ഗോവയിലെ മഡ്‌ഗാവ് സ്‌റ്റേഷന്‍ വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂര്‍ സമയം വന്ദേ ഭാരതിലെ യാത്രയിലൂടെ ലാഭിക്കാം.
ധാര്‍വാഡ്, ഹുബ്ബള്ളി, ദേവനാഗരി തുടങ്ങിയ കര്‍ണാടകയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ധാര്‍വാഡ് - ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ്. പ്രദേശത്തെ വിനോദസഞ്ചാരികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, വ്യവസായികള്‍ക്കും ഇത് ഏറ്റവുമധികം ഉപകാരപ്രദമാവും. ഈ റൂട്ടിലെ വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് 30 മിനിട്ട് നേരത്തേയെത്താം.
ജാര്‍ഖണ്ഡിലെയും ബിഹാറിലെയും ഏറ്റവും വേഗതയേറിയ വന്ദേ ഭാരത് എക്‌സ്‌പ്രസാണ് ഹടിയ-പട്‌ന വന്ദേഭാരത് എക്‌സ്‌പ്രസ്. വിനോദ സഞ്ചാരികള്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ എന്നിവരെ ലക്ഷ്യംവച്ചുകൊണ്ടാണ് പട്‌നയെയും റാഞ്ചിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്‌പ്രസ്. ഈ രണ്ട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂറും 20 മിനിട്ടുമാണ് വന്ദേഭാരതിന് യാത്രയിലൂടെ ലാഭിക്കാന്‍ സാധിക്കുന്നത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റ് പരിപാടികള്‍ : ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി പ്രധാനമന്ത്രി ഷഹ്‌ഡോലിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. റാണി ദുര്‍ഗാവതിയെ ആദരിക്കല്‍, സിക്കിള്‍ സെല്‍ അനീമിയ എമിഷന്‍ മിഷന്‍ ലോഞ്ച്, ആയുഷ്‌മാന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങിയ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.