ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോധ്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ പര്യടനം (PM Modi To visit Ayodhya on saturday). നാല് മണിക്കൂര്‍ പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കും. പുതുതായി നിര്‍മ്മിച്ച അയോധ്യ റെയില്‍വേസ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്.
പാര്‍ലമെന്‍റില്‍ അടുത്തിടെ നടന്ന സുരക്ഷാവീഴ്ചയുടെയും ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്‍റെയും പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തേ തന്നെ അയോധ്യയില്‍ സുരക്ഷാ നിരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്‍എസ്‌ജി, എടിഎസ്, എസ്‌ടിഎഫ് തുടങ്ങിയ കമാന്‍ഡോ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്(Ayodhya Security).
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സ്പെഷ്യല്‍ ഡിജി പ്രശാന്ത് കുമാര്‍ അറിയിച്ചു. മൂന്ന് ഡിഐജിമാര്‍, പതിനേഴ് എസ്‌പിമാര്‍, 40എഎസ്‌പിമാര്‍ 82 ഡെപ്യൂട്ടി എസ്‌പിമാര്‍, 90 ഇന്‍സ്‌പെക്ടര്‍മാര്‍, 325 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 33 വനിത എസ്‌ഐമാര്‍, 2000 കോണ്‍സ്റ്റബിള്‍മാര്‍, 450 ട്രാഫിക് ഉദ്യോഗസ്ഥര്‍, 14 കമ്പനി പിഎസി, ആറ് കമ്പനി അര്‍ദ്ധസൈനികര്‍ തുടങ്ങിയവരെ അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട് (NSG, ATS, STF commandos deployed).
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ ശക്തമായ നിരീക്ഷണം തുടരുകയാണ്. സൈനിക കന്‍റോണ്‍മെന്‍റിന് സമാനമായ സ്ഥിതിയിലാണ് നഗരമിപ്പോള്‍. ജനുവരി 22ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്രയധികം സുരക്ഷാവിന്യാസം.
ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ പൂര്‍വാഞ്ചല്‍ അതിവേഗ പാത വഴി പോകണമെന്നാണ് നിര്‍ദ്ദേശം. അയോധ്യയിലേക്ക് ലഖ്‌നൗ, ഗോണ്ട, ബസ്‌തി തുടങ്ങിയ മേഖലകളില്‍ നിന്ന് വരുന്ന വാഹനങ്ങളും വഴി തിരിച്ചുവിടും.
Also Read:ഡിസംബർ 30ന് പ്രധാനമന്ത്രി അയോധ്യയിൽ ; റോഡ് ഷോയും പൊതുസമ്മേളനവും
അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗകര്യമുണ്ടാക്കാനായാണ് പുതിയ റെയില്‍വേസ്റ്റേഷനും വിമാനത്താവളവും നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്താവള ഉദ്ഘാടനത്തിന് ശേഷം തൊട്ടടുത്തുള്ള മൈതാനത്ത് വന്‍ ജനാവലിയെ മോദി അഭിസംബോധന ചെയ്യും. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നത് വലിയ റാലിയായാകും എന്ന് ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രതിദിനം അമ്പതിനായിരത്തില്‍ പരം ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്ര ഉദ്‌ഘാടനത്തിനും അതിന് ശേഷവും നിരവധി പേര്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. ഈ വിമാനങ്ങളെല്ലാം പുതിയ വിമാനത്താവളത്തില്‍ തന്നെ ഇറക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.