ന്യൂഡൽഹി: കാർഷിക സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . കർഷക സമരത്തിലൂടെ സുഹൃത്തുക്കളെ സഹായിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിക്കുന്ന ''മഹാപഞ്ചായത്തിൽ'' സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാർഷിക നിയമം നടപ്പിലാക്കിയാൽ കർഷകരും വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ രാജ്യത്തെ നാൽപത് ശതമാനം ആളുകൾക്കാണ് തിരിച്ചടിയാകുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ചൈനക്ക് മുന്നിൽ മുട്ടുമടക്കുന്ന പ്രധാനമന്ത്രി കർഷകരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ശക്തി പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്നും ഗാന്ധി കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങളിൽ കർഷക സംഘടനകളുമായുള്ള ചർച്ചയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നതിനിടെയാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്യത്തിൽ നാല് സംസ്ഥാനങ്ങളിൽ ''മഹാപഞ്ചായത്ത്'' നടക്കുക.