ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ പാഴാക്കുന്നത് തടയണമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നു. വാക്‌സിൻ പാഴാക്കുന്നത് നിർത്തേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ വിതരണത്തെ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം 15 ദിവസത്തേക്ക് സംസ്ഥാനങ്ങൾക്ക് വേണ്ട വിവരങ്ങൾ നൽകും. ഇത് വാക്സിനേഷന്‍റെ സമയപരിധി കൈകാര്യം ചെയ്ത് വാക്സിൻ വിതരണം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് സ്ഥിതിയെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാരായും 10 സംസ്ഥാനങ്ങളിലെ ഫീൽഡ് ഓഫീസർമാരുമായും നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read: ഇന്ത്യയിൽ 2.76 ലക്ഷം പേർക്ക് കൂടി കൊവിഡ്; കൊവിഡ് മരണം 3874
വാക്‌സിൻ പാഴാക്കാതിരിക്കാനുള്ള കേരള സർക്കാരിന്‍റെ ശ്രമങ്ങളെ ഈ മാസം ആദ്യം പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ 73,38,806 ഡോസ് വാക്‌സിൻ കേരളത്തിന് നൽകിയതായും 74,26,164 ഡോസ് വാക്സിൻ ഉപയോഗിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് പറഞ്ഞിരുന്നു. വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടേയും നഴ്സുമാരുടേയും പ്രവർത്തനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
Read More: കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,76,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 3,874 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗം ഭേദമായതിനെ തുടർന്ന് 3,69,077 പേരെ ഡിസ്ചാർജ് ചെയ്തു. ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,23,55,440 പിന്നിട്ടു. രാജ്യത്ത് ഇതുവരെ 2,57,72,400 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ 31,29,878 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും 2,87,122 പേർ രോഗം ബാധിച്ച് മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.