ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകളുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 'പരാക്രം ദിവാസ്' എന്ന പേരിൽ ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി പങ്കെടുക്കുക. പേരില്ലാത്ത 21 വലിയ ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് നല്‍കുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്‌മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും. 2018 ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ച വേളയിൽ നരേന്ദ്ര മോദി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്‌തിരുന്നു. കൂടാതെ നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവ യഥാക്രമം ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്യുകയും ചെയ്‌തു.
ദ്വീപുകള്‍ക്ക് നല്‍കുന്ന പേരുകൾ: മേജർ സോമനാഥ് ശർമ, സുബേദാർ, ഓണററി ക്യാപ്‌റ്റൻ കരം സിങ്, മേജർ രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിങ്, കമ്പനി ഹവിൽദാർ മേജർ പിരു സിങ് ഷെഖാവത്, ക്യാപ്റ്റൻ ഗുർബചൻ സിങ് സലാരിയ, ലെഫ്‌റ്റനന്‍റ് കേണൽ ധൻ സിങ് ഥാപ്പ മഗർ, സുബേദാർ ജോഗീന്ദർ സിങ് സഹനാൻ, മേജർ ഷൈതൻ സിങ് ഭാട്ടി, കമ്പനി ക്വാർട്ടർ മാസ്റ്റർ ഹവിൽദാർ അബ്‌ദുല്‍ ഹമീദ്, ലെഫ്റ്റനന്റ് കേണൽ അർദേശിർ ബർസോർജി താരാപൂർ, ലാൻസ് നായിക് ആൽബർട്ട് എക്ക, കേണൽ ഹോഷിയാർ സിങ് ദാഹിയ, സെക്കൻഡ് ലഫ്റ്റനന്റ് അരുൺ ഖേതർപാൽ, ഫ്‌ളൈയിങ് ഓഫിസർ നിർമൽ ജിത് സിങ് സെഖോൺ, മേജർ രാമസ്വാമി പരമേശ്വരൻ, ക്യാപ്റ്റൻ ബാന സിങ്, ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്‌റ്റൻ മനോജ് കുമാർ പാണ്ഡെ, സുബേദാർ മേജർ സഞ്ജയ് കുമാർ, സുബേദാർ മേജർ യോഗേന്ദ്ര സിങ് യാദവ് (റിട്ട) എന്നീ സൈനികരുടെ പേരുകളാണ് ദ്വീപുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
also read: മോദിയെ കുറിച്ചുളള ബിബിസി ഡോക്യുമെന്‍ററി; നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം
ഏറ്റവും വലിയ ദ്വീപിന് ആദ്യത്തെ പരമവീര ചക്ര പുരസ്‌കാരം ലഭിച്ചയാളുടെ പേര്, രണ്ടാമത്തെ വലിയ ദ്വീപിന് രണ്ടാമത്തെ പരമവീര ചക്ര പുരസ്‌കാര ജേതാവിന്‍റെ പേര് എന്ന ക്രമത്തിലാണ് പേരിടുന്നത്.