അയോധ്യ : മഹാ ഋഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. ഇതിന് പുറമെ നവീകരിച്ച അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും (PM Modi Ayodhya Visit). ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെങ്കിലും കാലാവസ്ഥ അനുസരിച്ച് മുന്‍ നിശ്ചയിച്ച പരിപാടികളില്‍ മാറ്റമുണ്ടാകാം.
കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മൂടല്‍മഞ്ഞിന്‍റെ പിടിയിലാണ് അയോധ്യ. കാലാവസ്ഥ മോശമാണെങ്കില്‍ വിമാനമിറങ്ങാന്‍ ബുദ്ധിമുട്ടാകും. എന്നാല്‍ വിശുദ്ധ നഗരത്തിന് ഇതൊരു ചരിത്ര ദിവസമാണ്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ക്ക് മോദി ഇന്ന് തുടക്കം കുറിക്കും. നാല് മണിക്കൂറോളം മോദി അയോധ്യയിലുണ്ടാകുമെന്നാണ് വിവരം (Ayodhya Airport Inauguration).
2020 ഓഗസ്റ്റ് അഞ്ചിനാണ് നേരത്തെ മോദി അയോധ്യ സന്ദര്‍ശിച്ചത്. രാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജയ്ക്ക് വേണ്ടിയാണ് മോദി അന്ന് എത്തിയത് (Ayodhya Ram Mandir).
ഉച്ചയോടെ അയോധ്യയിലെത്തുന്ന മോദി മഹാ ഋഷി വാത്മീകി രാജ്യാന്തര വിമാനത്താവളം ആദ്യം ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് ഏറെ സൗകര്യപ്രദമാകും. അടുത്തമാസം ആറുമുതല്‍ അയോധ്യയില്‍ നിന്ന് ഡല്‍ഹിയിലേക്കും അഹമ്മദാബാദിലേക്കും നേരിട്ട് വിമാനസര്‍വീസുകള്‍ ആരംഭിക്കും. മുംബൈയിലേക്ക് പതിനഞ്ച് ദിവസത്തിനകം നേരിട്ട് വിമാനസര്‍വീസുകള്‍ തുടങ്ങും.
ശേഷം ലത മങ്കേഷ്‌കര്‍ ചൗക്കില്‍ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. റോഡ്ഷോയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ധര്‍മ്മപഥ്, ലത മങ്കേഷ്‌കര്‍ ചൗക്ക്, തുള്‍സി ഉദ്യാന്‍, ശാസ്ത്രി നഗര്‍, ഹനുമാന്‍ഗഡ് സ്ക്വയര്‍, ദന്ത് ധവാന്‍ കുണ്ട്, ശ്രീ രാം ഹോസ്പിറ്റല്‍, രാം നഗര്‍ തെഹ്‌രി ബസാര്‍ സ്ക്വയര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ റോഡ് ഷോ നടത്തി മോദി അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചേരും. ശ്രീരാമ കിരീട മാതൃക ചൂടിയ റെയില്‍വേസ്റ്റേഷന്‍ ഉദ്ഘാടനത്തിന് ശേഷം മോദി വിമാനത്താവളത്തിന് സമീപം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മോദിയുടെ റോഡ്ഷോയ്ക്കും പൊതുസമ്മേളനത്തിനും ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നാല് ദിവസമായി അയോധ്യയില്‍ ഇതിന്‍റെ പ്രചാരണ പരിപാടികളുമായി ക്യാമ്പ് ചെയ്യുകയാണ്. രണ്ട് ലക്ഷം പേര്‍ പൊതുസമ്മേളനത്തിന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പതിനയ്യായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും മോദി തറക്കല്ലിടും. 11100 കോടിയുടെ പദ്ധതികള്‍ അയോധ്യയിലെയും പരിസരപ്രദേശങ്ങളിലെയും വികസനത്തിനാണ്. 4600 കോടി രൂപയുടെ പദ്ധതികള്‍ ഉത്തര്‍പ്രദേശിന് മുഴുവനുമായാണ് നീക്കിവച്ചിട്ടുള്ളത്. നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ തുടങ്ങിയ ചടങ്ങുകളും നടക്കും.
Also Read: 'ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി അവതരിപ്പിക്കും': ശശി തരൂർ എംപി
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചുകഴിഞ്ഞു. അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പ് രാഷ്ട്രീയ ചർച്ച സജീവമാക്കാനാകും മോദി ഇന്ന് ശ്രമിക്കുക. നിരോധിത ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു, മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.