ന്യൂഡൽഹി : ലോകം ഉറ്റുനോക്കുന്ന ജി 20 ഉച്ചകോടി (G20 Summit) സെപ്‌റ്റംബര്‍ 9,10 തീയതികളിൽ ഡൽഹിയിൽ നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് 15 ലധികം ഉഭയകക്ഷി ചര്‍ച്ചകളില്‍ (PM Modi to have more than 15 bilateral meetings during G20). അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ (Joe Biden), യു കെ പ്രധാനമന്ത്രി ഋഷി സുനക് (Rishi sunak), ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ (Fumio Kishida) തുടങ്ങി ലോകത്തെ പ്രബല രാഷ്ട്രത്തലവന്മാരുമായി നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകൾ പല മേഖലകളിലും ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യയുടെ നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ആണവോർജം, പ്രതിരോധം, വിസ അനുവദിക്കൽ തുടങ്ങിയ വിവിധ മേഖലകളിലുള്ള സഹകരണം വർധിപ്പിക്കാനും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകൾ സഹായകമാകും.
ഉച്ചകോടി നാളെയാണ് തുടങ്ങുന്നതെങ്കിലും ഉഭയകക്ഷി ചർച്ചകൾക്ക് ഇന്നുതന്നെ തുടക്കമാകും. വൈകിട്ട് മൗറീഷ്യസിന്‍റെയും ബംഗ്ലാദേശിന്‍റെയും രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുശേഷം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയും പ്രധാനമന്ത്രി കാണും. ഇന്ന് വൈകിട്ട് 6.55ന് ഡൽഹിയിലെത്തുന്ന ജോ ബൈഡൻ നേരെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കാകും പോവുക.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ജോ ബൈഡനുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നു. ചർച്ചയിൽ ജെറ്റ് എൻജിൻ കരാറിലും സിവിൽ ന്യൂക്ലിയർ സാങ്കേതികവിദ്യയിലും നിർണായക തീരുമാനങ്ങൾ ഉരുത്തിരിയുമെന്നാണ് സൂചന. ഉഭയകക്ഷി ചർച്ചകൾക്കുശേഷം ജോ ബൈഡനുവേണ്ടി വിപുലമായ അത്താഴ വിരുന്നും പ്രാധാനമന്ത്രിയുടെ വസതിയിൽ ഒരുക്കുന്നുണ്ട്. വിരുന്നിൽ മോദിയും ബൈഡനും ഒരുമിച്ച് അത്താഴം കഴിക്കും.
നാളെ ഉച്ചകോടി തുടങ്ങിയതിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയുടെ അവസാന ദിനമായ ഞായറാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണ കൂടിക്കാഴ്ച നടത്തും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും അദ്ദേഹം ചർച്ച നടത്തും. ഇതുകൂടാതെ കൊമോറോസ്, തുർക്കി, ദക്ഷിണ കൊറിയ, യു എ ഇ, നൈജീരിയ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
മൗറീഷ്യസ് പ്രസിഡന്‍റ് പ്രവിന്ദ് കുമാർ ജുഗ്‍നാഥ്, നൈജീരിയന്‍ പ്രസിഡന്‍റ് ബോല അഹ്മദ് ടിനുബു, അർജന്‍റീന പ്രസിഡന്‍റ് ആൽബെർട്ടോ ഏഞ്ചൽ ഫെർണാണ്ടസ്, ലോക വ്യാപാര സംഘടന (ഡബ്ല്യു ടി ഒ) ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോഇവേല, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കൽ, തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിക്കഴിഞ്ഞു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ , ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ നാളെ രാവിലെയെത്തും.