ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വാക്‌സിനേഷനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. ഓക്‌സിജന്‍റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
വാക്‌സിൻ ഉത്‌പാദനം വർധിപ്പിക്കുന്നതിനായി നിർമ്മാതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നതായി മന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. രാജ്യത്തെ മൂന്നാംഘട്ട വാക്‌സിനേഷൻ നടക്കുകയാണ് ഇപ്പോൾ. നിരവധി സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികളും വാക്‌സിൻ ഉത്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.