ഹൈദരാബാദ്: തെലങ്കാനയിലെ ലജിസ്ലേറ്റീവ് കൗൺസിലേക്കുള്ള ബിരുദധാരികളുടെ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വോട്ടറുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രിയുടെ ചിത്രം. വോട്ടർ പട്ടികയിൽ ചിത്രം മാറിയതോടെ യഥാർഥ വോട്ടർ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. തെലങ്കാനയിലെ വികാരബാദ് സോണിലാണ് സംഭവം. പുളുസുമാമിദി ഗ്രാമത്തിലെ വോട്ടറും ബിരുദധാരിയുമായ ദയാകർ റെഡിയുടെ ചിത്രത്തിന് പകരമാണ് വോട്ടർ പട്ടികയിൽ മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഫോട്ടോ മാറിയതോടെ അധികൃതർ വോട്ട് രേഖപ്പെടുത്താൻ സമ്മതിക്കില്ലന്ന് കരുതിയാണ് ദയാകർ റെഡി വോട്ട് രേഖപ്പെട്ടുത്താൻ എത്താതിരുന്നത്. തുടർന്ന് പ്രാദേശിക നേതാക്കൾ ജില്ല അഡീഷണർ കലക്ടർ മോട്ടിലാലിനെ വിവരം അറിയിച്ചു. പേരും വോട്ടർ പട്ടികയിലെ ഫോട്ടോയും തമ്മിൽ ബന്ധമില്ലെന്നും, രേഖകൾ ശരിയാണെന്ന് തെളിഞ്ഞാൽ വോട്ടുചെയ്യാൻ അനുവദിക്കുമെന്നും മോട്ടിലാൽ പറഞ്ഞു.