ന്യൂഡൽഹി: ഷഹീദ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഭഗത് സിംഗ്, സുഖ്ദേവ്, രാജ്‌ഗുരു എന്നീ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലിയർപ്പിച്ചു. ഇവരുടെ ത്യാഗം എല്ലാ തലമുറയ്ക്കും പ്രചോദനമായിരിക്കുമെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. 1931ലാണ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സൗണ്ടറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരെ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയത്.
സ്വാതന്ത്ര്യ സമര സേനാനി റാം മനോഹർ ലോഹ്യയുടെ ജന്മ വാർഷികത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ലോഹ്യ രാജ്യത്തിന് പുതിയ ആശയങ്ങൾ നൽകുന്നതിന് വേണ്ടി പ്രവർത്തിച്ചു എന്ന് മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ഗ്രാമത്തിൽ ജനിച്ച ലോഹ്യ ബ്രിട്ടീഷ് ഭരണത്തിന്‍റെ അവസാന കാലത്ത് കോൺഗ്രസ് റേഡിയോയിൽ പ്രവർത്തിച്ചിരുന്നു. 1962ലെ തെരഞ്ഞെടുപ്പിൽ നെഹ്റുവിനോട് പരാജയപ്പെട്ടെങ്കിലും 1963ൽ ലോഹ്യ ലോക്‌സഭയിലെത്തി.