ന്യൂഡൽഹി: കൊറോണയുടെ പുതിയ തരംഗത്തിനെതിരെ ഇന്ത്യ വളരെ വിജയകരമായി പോരാടുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാന മന്ത്രി രാജ്യത്തിന്‍റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും വാചാലനായത്.
രാജ്യത്തിന്‍റെ വാക്‌സിനിലുള്ള ജനങ്ങളുടെ വിശ്വാസമാണ് കൊവിഡ് പ്രതിരോധത്തിലുള്ള ഏറ്റവും വലിയ ശക്‌തി. ഇത് വളരെ നല്ല സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയുടെ പുതിയ തരംഗത്തിനെതിരെ ഇന്ത്യ വളരെ വിജയകരമായി പോരാടുകയാണ്. ഇതുവരെ ഏകദേശം 4.5 കോടി കുട്ടികൾ കൊവിഡ് വാക്‌സിൻ എടുത്തിട്ടുണ്ട് എന്നത് അഭിമാനകരമാണ്, മോദി കൂട്ടിച്ചേർത്തു.
ALSO READ: India Covid | 'രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു'; പ്രതിദിന കണക്കുകളെ അടിസ്ഥാനമാക്കി കേന്ദ്രം
കൂടാതെ അഴിമതിയെക്കുറിച്ചും പ്രധാന മന്ത്രി സംസാരിച്ചു. അഴിമതി ഒരു 'ചിതൽ' പോലെയാണ്. അത് രാജ്യത്തെ പൊള്ളയാക്കുന്നു. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി രാഷ്ട്രത്തെ എത്രയും വേഗം ഈ വിപത്തിൽ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2047 ഓടെ ഇന്ത്യയെ അഴിമതി രഹിതമായി കാണണം എന്ന് ഉത്തർപ്രദേശിലെ ഒരു പെണ്‍കുട്ടി അയച്ച കത്തിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി. അഴിമതി രാജ്യത്തെ പൊള്ളയാക്കുന്ന ഒരു ചിതൽ പോലെയാണ്. അതിൽ നിന്ന് മുക്‌തിനേടാൻ 2047 വരെ എന്തിനാണ് കാത്തിരിക്കുന്നത്. നമ്മുടെ കർത്തവ്യങ്ങൾക്ക് മുൻഗണന നൽകിയാൽ അഴിമതി നിലനിൽക്കില്ല, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.